30
Dec 2023
Fri
30 Dec 2023 Fri

ഹാദിയയെ കാണാനില്ലെന്ന അച്ഛന്‍ അശോകന്റെ ഹേബിയസ് കോര്‍പസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മതംമാറി വിവാഹിതയായ ഡോ.ഹാദിയയെ കാണാനില്ലെന്ന് ആരോപിച്ച് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അനു ശിവരാമന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കഴിഞ്ഞയാഴ്ച ഹരജി പരിഗണിച്ചപ്പോള്‍ വിശദീകരണം തേടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഇതുപ്രകാരം പോലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവര്‍ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നുമാണ് ഹേബിയസ് കോര്‍പ്പസ് ഹരജിയിലെ അശോകന്റെ ആരോപണം. മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹരജിയില്‍ പറയുന്നു.

എന്നാല്‍, അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ ആയുധമാക്കുകയാണെന്നാണ് ഹാദിയയുടെ വാദം. ഇപ്പോള്‍ പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്താണു കഴിയുന്നതെന്നും അക്കാര്യം അച്ഛനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അറിയുമെന്നും ഹാദിയ മീഡിയാവണ്‍ ചാനലിനോട് പറഞ്ഞിരുന്നു.

തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരിക്കെ ഇസ്‌ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയമപ്രശ്‌നത്തിലേക്ക് നീണ്ടത്.