ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് പത്മശ്രീ മടക്കിനല്‍കി ഗുസ്തി താരം ബജ്രംഗ് പുനിയ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.
|
പ്രധാനമന്ത്രിക്കയച്ച കത്ത് ബജ്രംഗ് പുനിയ എക്സില്‍ പങ്കുവെച്ചു. പദ്മശ്രീ പുരസ്‌കാര ജേതാക്കള്‍ക്കുള്ള മെഡലുമായി ഡല്‍ഹിയിലെ കര്‍ത്തവ്യപഥിലെത്തിയ ബജ്രംഗ് പുനിയയെ പോലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് അദ്ദേഹം ഫലകം വഴിയരികില്‍ ഉപേക്ഷിച്ചുപോയി. 2019-ലാണ് ബജ്രംഗ് പുനിയയ്ക്ക് പദ്മശ്രീ പുരസ്‌കാരം ലഭിച്ചത്.
ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ താന്‍ ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് സാക്ഷി മാലിക് പ്രഖ്യാപിച്ചിരുന്നു. ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി. എം.പി. കൂടിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ബിസിനസ് പങ്കാളിയും അനുയായിമായ സഞ്ജയ് സിങ്ങാണ് ഫെഡറേഷന്റെ പുതിയ അധ്യക്ഷന്‍.
ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് (കര്‍ത്താര്‍ സിങ്), ഖജാന്‍ജി (സത്യപാല്‍സിങ്), ജോയിന്റ് സെക്രട്ടറി (ആര്‍.കെ.പുരുഷോത്തം), എക്‌സിക്യുട്ടീവ് അംഗങ്ങള്‍ തുടങ്ങി 13 സ്ഥാനങ്ങളില്‍ ബ്രിജ് ഭൂഷണിന്റെ അനുയായികളാണ് വിജയിച്ചത്. മുതിര്‍ന്ന വൈസ് പ്രസിഡന്റ് (ദേവേന്ദര്‍), സെക്രട്ടറി ജനറല്‍ (പ്രേംചന്ദ് ലോചബ്) എന്നിവര്‍ എതിര്‍ പാനലില്‍ വിജയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പുഫലം പുറത്തുവന്നത്.


