|
ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ജാവേദ് അഹ്മദ് മാട്ടൂ ഡല്‍ഹിയില്‍ അറസ്റ്റില്‍. ജമ്മുകശ്മീരിലെ നിരവധി ആക്രമണങ്ങളില്‍ പങ്കുള്ള മാട്ടൂവിനെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും കേന്ദ്ര ഏജന്‍സികളും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് തോക്കും വെടിക്കോപ്പുകളും മോഷ്ടിച്ച വാഹനവും പിടിച്ചെടുത്തു.
എ പ്ലസ് പ്ലസ് കാറ്റഗറി തീവ്രവാദിയായ ഇയാളേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിരവധി തവണ പാക്കിസ്ഥാനില്‍ പോയി ആയുധ പരിശീലനം നേടിയെന്ന് കരുതുന്ന ഇയാള്‍, ഹിസ്ബുല്‍ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത കമ്മാന്ററായിരുന്നു. ജമ്മു കശ്മീര്‍ സ്വദേശിയായ ഇയാള്‍ നാല് ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ വധിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ജാവേദിന്റെ സഹോദരന്‍ റയീസ് മാട്ടൂ ജമ്മുകശ്മീരിലെ സോപോറില്‍ ഇന്ത്യന്‍ ദേശീയ പതാക വീശുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. തന്റെ സഹോദരന്‍ തിരഞ്ഞെടുത്തത് തെറ്റായ പാതയാണെന്നും ഞങ്ങള്‍ ഇന്ത്യാക്കാരയതില്‍ അഭിമാനിക്കുന്നു എന്നുമാണ് റയീസ് മാട്ടു അന്ന് പറഞ്ഞത്.
Hizb-ul-Mujahideen terrorist Javed Ahmed Mattoo arrested





