ബല്കീസ് ബാനു കേസിലെ കുറ്റവാളികളെ തുറന്നുവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരായ ഹരജിയില്‍ സുപ്രീംകോടതി വിധി ഇന്ന്
|
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെയുണ്ടായ അതി നിഷ്ഠൂര സംഭവമായ ബല്കീസ് ബാനു കേസിലെ കുറ്റവാളികളെ തുറന്നുവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരായ ഹരജിയില്‍ സുപ്രീംകോടതി വിധി ഇന്ന് വിധി പറയും. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറയുക.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ പൂര്‍ണഗര്‍ഭിണിയായ ബല്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണ് ഇന്ന് വിധി. സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷികം പ്രമാണിച്ചാണ് കുറ്റവാളികളെ ജയില്‍ മോചിതരാക്കിയത്. ബല്കീസ് ബാനുവിനെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, സിപിഎം പിബി അംഗം സുഭാഷിണി അലി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ നല്കിയ അപേക്ഷ പരിഗണിച്ചു ഉചിതമായ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണ ഏജന്‍സികളുടെ എതിര്‍പ്പ് മറികടന്നു കേന്ദ്രഅഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ഇവരെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. കേസില്‍ പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.





