ഗോവയില്‍വച്ച് മകനെ കൊന്ന് ബാഗിലാക്കി ബംഗളൂരുവിലെ CEO; മൃതദേഹം ബാഗിലാക്കി യാത്രചെയ്യുന്നതിനിടെ അറസ്റ്റില്‍
|
ബംഗളൂരു: ഗോവയില്‍വച്ച് മകനെ കൊന്ന് മൃതദേഹം ബാഗിലാക്കി യാത്രചെയ്യുന്നതിനിടെ ബംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് CEO അറസ്റ്റില്‍. സുചന സേത്ത് (39) ആണ് അറസ്റ്റിലായത്. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് അറിയിച്ചു. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കി ടാക്സി വിളിച്ചാണ് അവര്‍ കര്‍ണാടകയിലേക്കു പോയത്.
ഗോവയിലെ ആഡംബര അപ്പാര്‍ട്ട്മെന്റിലെ ജീവനക്കാര്‍ക്കു തോന്നിയ സംശയമാണ് സുചനയെ കുടുക്കിയത്. ശനിയാഴ്ച കുഞ്ഞിനൊപ്പം അപ്പാര്‍ട്ട്മെന്റിലെത്തിയ സുചന തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. ബെംഗളൂരുവിലേക്ക് അത്യാവശ്യമായി പോകാന്‍ ടാക്സി വേണമെന്ന് അവര്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്സി വേണമെന്ന് വാശിപിടിച്ചതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ടാക്സിയില്‍ ബ്രീഫ്കെയ്സുമായി ഇറങ്ങി. പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന് മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റിനെ വിവരം അറിയിച്ചു. ഇവരാണ് പോലീസില്‍ അറിയിച്ചത്.
പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന് സുഹൃത്തിനൊപ്പം ഫത്തോര്‍ദ എന്ന സ്ഥലത്താണെന്നു പറഞ്ഞ സുചന, തെറ്റായ വിലാസം നല്‍കുകയും ചെയ്തു. സംശയം തോന്നിയ പൊലീസ് ടാക്സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. ചിത്രദുര്‍ഗ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്.
മകനെ കൊലപ്പെടുത്തുന്നതിലേക്ക് യുവതിയെ നയിച്ച കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. തുടരന്വേഷണത്തിനായി യുവതിയെ ഗോവയിലെത്തിക്കും.
Bengaluru CEO Kills Her 4-Year-Old Son In Goa, Caught With Body In Bag





