ബൈക്കില്‍ സഞ്ചരിക്കവെ പട്ടത്തിന്റെ നൂല് കുരുങ്ങി കഴുത്ത് മുറിഞ്ഞു; രക്തംവാര്‍ന്ന് സൈനികന് ദാരുണാന്ത്യം
|
ഹൈദരാബാദ്: ബൈക്കില്‍ സഞ്ചരിക്കവെ പട്ടത്തിന്റെ നൂല് കുരുങ്ങി കഴുത്ത് മുറിഞ്ഞ് സൈനികന്‍ രക്തംവാര്‍ന്ന് മരിച്ചു. നായിക് റാങ്കിലുള്ള കെ. കോട്ടേശ്വര റെഡ്ഡിയാണ് മരിച്ചത്. ഗോള്‍കോണ്ടയിലെ സൈനിക ആശുപത്രിയില്‍ ജോലിചെയ്യുന്ന കോതേശ്വര ജോലിക്കായി പോകുമ്പോഴാണ് അപകടം. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥനാങ്ങളില്‍ നിരോധിച്ച ചൈനീസ് മാഞ്ചാ നൂലുമായി ബന്ധിച്ച പട്ടം വിളക്കില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. ഇതറിയാതെ ബോയ സൈനികന്റെ കഴുത്തില്‍ നൂലു കുരുങ്ങുകയും കഴിത്ത് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിക്കുകയുമായിരുന്നു.
വണ്ടിയില്‍നിന്ന് വീണ സൈനികനെ ഒപ്പമുണ്ടായിരുന്ന ശങ്കര്‍ ഡൗഡ് എന്നയാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. ഭാര്യയും രണ്ടുവയസുള്ള മകളും അടങ്ങുന്നതുമാണ് നായികിന്റെ കുടുംബം. മാഞ്ചാ നൂല്‍ വില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കണെമെന്ന് മരിച്ച സൈനികന്റെ ഭാര്യ ആവശ്യപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് മനപൂര്‍മല്ലാത്ത നരഹത്യക്ക് തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെ കേസെടുത്തു. ഈടുനില്‍ക്കുന്നതിനാലും പൊട്ടാനുള്ള സാധ്യത കുറവായതിനാലും മത്സരാധിഷ്ഠിതമായി പട്ടം പറത്തുന്നവര്‍ സംക്രാന്തി ആഘോഷത്തിനും മറ്റുമായി ചൈനീസ് മാഞ്ചാ നൂലാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്നത് പതിവായതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
soldier bleeds to death in Hyderabad as banned Chinese manja slits his throat on Makar Sankranti





