29
Jan 2024
Tue
29 Jan 2024 Tue

മോദയുടെ സന്ദര്‍ശനം: നാളെ തൃശൂരില്‍ സ്‌കൂളുകള്‍ക്ക് അവധി; പ്രദേശത്ത് വിവിധ നിയന്ത്രണങ്ങളും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് നാളെ തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്രസംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തിനു വിശ്രമം. ഇവിടെ നിന്നു ക്ഷേത്രത്തിലേക്ക് 7.40നായിരിക്കും അദ്ദേഹം ദര്‍ശനത്തിനായി എത്തുക. 20മിനിറ്റ് ദര്‍ശനം. താമര കൊണ്ടു തുലാഭാരം നടത്താന്‍ സാധ്യത. 8.45നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക്. മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികള്‍ക്ക് ആശംസ നേരും. പിന്നീട് അദ്ദേഹം തൃപ്രയാറിലേക്ക് പോകും.

നാളെ 80 വിവാഹങ്ങളാണ് ഗുരുവായൂരില്‍ രജിസ്റ്റര്‍ ചെയ്തത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമയത്ത് മറ്റു മണ്ഡപങ്ങളില്‍ താലി കെട്ടുന്ന വധൂവരന്‍മാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറണം.

പ്രധാനമന്ത്രി ദര്‍ശനത്തിനായി എത്തുമ്പോള്‍ ഉദ്യോഗസ്ഥരും പാരമ്പര്യ പ്രവൃത്തിക്കാരുമുടക്കം 15 പേര്‍ക്ക് അകത്ത് നില്‍ക്കാന്‍ അനുവാദം ഉള്ളു. ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ക്ക് കൊടി മരത്തിനു സമീപം നില്‍ക്കാം. സുരക്ഷാ നടപടികള്‍ക്കായി 3,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി, തൃപ്രയാര്‍ ശ്രീ രാമസ്വാമി എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി 17ന് തൃശൂര്‍, കുന്നംക്കുളം, ചാവക്കാട്, കൊടുങ്ങലൂര്‍ താലൂക്കുകളിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വഴിയിലും സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ച് കലക്ടര്‍ ഉത്തരവിട്ടു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് അഞ്ച് മണിയോടെ കൊച്ചി നാവികതാവളത്തിലെത്തുന്ന മോദി വൈകിട്ട് ആറിന് കൊച്ചി മഹാരാജാസ് കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. ഇന്ന് ആന്ധ്ര സന്ദര്‍ശനം കഴിഞ്ഞാണ് അദ്ദേഹം കേരളത്തിലെത്തുക. റോഡ് ഷോ നടക്കുന്നതിനാല്‍ വൈകിട്ട് ആറു മുതല്‍ രാജേന്ദ്ര മൈതാനി മുതല്‍ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

നാളെ രാവിലെ ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പതിനൊന്നു മണിക്കുശേഷം അവിടെ നിന്ന് എറണാകുളത്തേക്ക് മടങ്ങും. അവിടെ ഷിപ്പ് യാഡിന്റെ രാജ്യാന്തര കപ്പല്‍ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ രാജ്യത്തിന് സമര്‍പ്പിക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബി.ജെ.പി യോഗത്തില്‍ കൂടി പങ്കെടുത്ത ശേഷം മോദി ഡല്‍ഹിയിലേക്ക് മടങ്ങും. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.