മസിനഗുഡിയോ ഏത് വഴിയോ ആകാം; ഊട്ടിയിലേക്ക് പോകേണ്ട സമയം ഇതാണ്; ഇന്നലെ രേഖപ്പെടുത്തിയത് മൈനസ് താപനില
|
കോയമ്പത്തൂര്‍: തണുപ്പ് ആസ്വദിക്കാന്‍ ഇപ്പോള്‍ കാശ്മീര്‍ വരെ പോകേണ്ട ആവശ്യമില്ല. കാരണം നമ്മുടെ തൊട്ടടുത്ത ഊട്ടിയില്‍ തന്നെ കാശ്മീരിലെ അനുഭവം ലഭിക്കും. പതിവില്‍ നിന്ന് വിപരീതമായി തണുത്ത് വിറയ്ക്കുകയാണ് ഊട്ടി. കാടും വെള്ളച്ചാട്ടങ്ങളും പൂത്ത് വിളഞ്ഞ് നില്ക്കുന്ന പച്ചക്കറി പാടങ്ങളും എല്ലാമായി കൊതിപ്പിക്കുന്ന കാഴ്ചകളാണ് ഊട്ടിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് പൊതുവെ ഇവിടേക്ക് സഞ്ചാരികള്‍ കൂടുതലായി എത്താറുള്ളത്. ഊട്ടിയിലെ കാലാവസ്ഥ ആസ്വദിക്കാന്‍ പറ്റുന്ന മികച്ച സമയമാണ് ഇത്. എന്നാല്‍ ഇത്തവ ജനവരി പകുതി ആകുമ്പോഴും ഊട്ടി കിടഴകിടാ വിറയ്ക്കുകയാണ്. തണുപ്പ് വര്‍ധിച്ചതോടെ സഞ്ചാരികളുടെ വരവും വര്‍ധിച്ചിട്ടുണ്ട്.
നിലവില്‍ താപനില 0 ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറഞ്ഞു. ഊട്ടിയിലെ ചാണ്ടിനല്ലയിലാണ് 0 ഡിഗ്രി രേഖപ്പെടുത്തിയത്. തലൈകുന്താ, ബോട്ട് ഹൗസ് ഭാഗങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കനത്ത മഞ്ഞു വീഴ്ചയും ആരംഭിച്ചു. തുലാവര്‍ഷം വൈകിയതു മൂലം ശൈത്യകാലവും വൈകി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് സാധാരണ മഞ്ഞു വീഴ്ച ഉണ്ടായിരുന്നത്. ശൈത്യകാലം ആസ്വദിക്കാന്‍ ഒട്ടേറെ വിദേശ സഞ്ചാരികള്‍ ഊട്ടിയിലെത്തും.മഞ്ഞുവീഴ്ച തേയിലത്തോട്ടങ്ങളെയും പച്ചക്കറിക്കൃഷിയെയും കാര്യമായി ബാധിക്കും. മഞ്ഞു വീണു കഴിഞ്ഞാല്‍ വെയില് തെളിയുന്നതോടെ ചെടികളിലെ ഇലകള്‍ കരിഞ്ഞു പോകും
കാലംതെറ്റിയ അതിശൈത്യം കാര്‍ഷിക മേഖലയെ ബാധിച്ചതായി കര്‍ഷകര്‍ ആശങ്ക രേഖപ്പെടുത്തി. അതിശൈത്യം പ്രദേശവാസികളില്‍ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. മലനിരകളെ പിടികൂടിയ കാലംതെറ്റിയ തണുപ്പില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്കയിലാണ്. ആഗോളതാപനവും എല്‍നിനോ പ്രഭാവവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് നീലഗിരി എന്‍വയോണ്‍മെന്റ് സോഷ്യല്‍ ട്രസ്റ്റിലെ (നെസ്റ്റ്) വി ശിവദാസ് പറയുന്നു.
Ooty town is shivering due to near-zero degree temperature





