21
Jan 2024
Sat
21 Jan 2024 Sat

മെസ്സി-സുവാരസ് കൂട്ടുകെട്ട് ഉണ്ടായിട്ടും ഇന്റര്‍ മയാമി ജയിച്ചില്ല; പ്രീ സീസണ്‍ സൗഹൃദത്തില്‍ മയാമിക്ക് സമനില

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാന്‍സാല്‍വദോര്‍: ബാഴ്‌സയില്‍ ഇതിഹാസം രചിച്ച ലയണല്‍ മെസ്സി- ലൂയിസ് സുവാരസ് കൂട്ടുകെട്ട് യു.എസ് ലീഗിലെ ഇന്റര്‍ മയാമിയില്‍ അവതരിപ്പിച്ചെങ്കിലും ടീം ജയിച്ചില്ല. യു.എസിലെ മേജര്‍ ലീഗ് സോക്കറിന് മുന്നോടിയായുള്ള പ്രീസീസണ്‍ സൗഹൃദ മത്സരത്തില്‍ മയാമിക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എല്‍സാല്‍വദോറാണ് മയാമിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. ബ്രസീല്‍ ക്ലബ് ഗ്രെമിയോയില്‍ നിന്ന് മയാമിയിലെത്തിയ ഉറുഗ്വെ താരം ലൂയിസ് സുവാരസ് അരങ്ങേറ്റം കുറിച്ചു.

പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ഇന്റര്‍ മയാമി മികച്ചുനിന്നെങ്കിലും ഫിനിഷിങിലെ പോരായ്മകള്‍ തിരിച്ചടിയാവുകയായിരുന്നു. ആദ്യ പകുതിയില്‍ മെസി- സുവാരസ് കൂട്ടുകെട്ടുണ്ടായെങ്കിലും ഗോള്‍ നേടാനായില്ല. ബാഴ്‌സലണോയില്‍ കളിച്ചതിന് ശേഷം മെസിക്കും സുവാരസിനും പുറമെ ജോഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് എന്നിവരൊന്നിച്ച് കളത്തിലിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ആദ്യ പകുതിയുടെ 67 ശതമാനവും മയാമിയാണ് പന്ത് നിയന്ത്രിച്ചത്. എന്നാല്‍ ഗോള്‍വഴങ്ങാതെ മെസിയേയും സംഘത്തേയും തടഞ്ഞുനിര്‍ത്തുന്നതില്‍ എല്‍ സാല്‍വദോര്‍ പ്രതിരോധം വിജയിച്ചു. ഗോള്‍കീപ്പര്‍ മരിയോ മാര്‍ട്ടിനെസിന്റെ മിന്നും പ്രകടനവും അനുകൂലമായി. പ്രീ സീസണ്‍ മത്സരത്തിനായി ഈ മാസം അവസാനം മെസിയും സംഘവും സൗദിയില്‍ എത്തുന്നുണ്ട്. റിയാദ് കപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന അല്‍നസറുമായും ഏറ്റുമുട്ടും.