കല്‍പ്പറ്റ: വയനാട് ചൂരിമലയില്‍ വീണ്ടും കടുവയുടെ പരാക്രമം. താണാട്ടുകുടിയില്‍ രാജന്റെ പശുവിനെ കടുവ കൊന്നുതിന്നു. കടവയുടെ ശല്യത്തിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭം നടത്തിവരുന്നതിനിടെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട്‌ചെയ്തത്. ഇതിന് പിന്നാലെ വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി.
|
വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ നിന്നാണ് പശുവിനെ കടുവ പിടിച്ചത്. രണ്ടാഴ്ച മുന്‍പ് പ്രദേശത്ത് വളര്‍ത്തുമൃഗത്തെ കടുവ പിടിച്ചുതിന്നിരുന്നു. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ രണ്ട് പന്നികളെയാണ് തിന്നത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കടുവയുടെ ആക്രമണം നടക്കുന്നത്. ണണഘ 39 എന്ന പെണ്‍കടുവയാണ് ഫാമിലെത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
കടുവയെ മയക്കുവെടി വച്ച് പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് പ്രദേശവാസികള്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. മുമ്പ് യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടിയ പ്രദേശത്തിന് തൊട്ടടുത്താണ് പന്നി ഫാം. ഈ കഴിഞ്ഞ 14നും ഇതേയിടത്ത് കടുവ ഇറങ്ങിയിരുന്നു.
അതേസമയം, ജനങ്ങളെ ഭീതിയിലാഴ്ത്തി നാടുചുറ്റിയ കരടിയെ ഒടുവില്‍ പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചെഞ്ചടി വനത്തിലേക്ക് തുരത്തി. ബുധന്‍ രാത്രി 10.15ന് ആണ് നെയ്ക്കുപ്പ പാലത്തിന് സമീപം എത്തിയ കരടിയെ നാട്ടുകാരും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് പാതിരി സൗത്ത് സെക്ഷനിലെ ചെഞ്ചടി ചങ്ങലമൂല വനത്തിലേക്കാണ് തുരത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മാനന്തവാടി നഗരസഭ, വെള്ളമുണ്ട, എടവക, പനമരം പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച കരടി ഒടുവില്‍ ബുധന്‍ വൈകിട്ട് ആറോടെ പൂതാടി പഞ്ചായത്തിലെ വനപ്രദേശമായ കാരിമലക്കൊല്ലി കോളനിക്ക് സമീപം എത്തിയിരുന്നു.


