08
Jan 2024
Sun
08 Jan 2024 Sun

ജിദ്ദ: വനിതകളുടെ സംഘാടനത്തില്‍ രണ്ട് ദിവസത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റിനു ജിദ്ദയില്‍ തുടക്കമാവുന്നു. പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറത്തിന്റെ (പെന്റിഫ്) ആഭിമുഖ്യത്തിലാണ് വനിതാ സംഘാടനത്തില്‍ ദ്വിദിന സെവന്‍സ് ഫോട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അകാലത്തില്‍ പൊലിഞ്ഞ ആത്മമിത്രങ്ങളും ഫുട്ബോള്‍ താരങ്ങളുമായിരുന്ന ഖാദറിന്റെയും മുഹമ്മദാലിയുടെയും സ്മരണാര്‍ഥം 1961 മുതല്‍ പെരിന്തല്‍മണ്ണയില്‍ നടത്തിവരുന്ന ടൂര്‍ണമെന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കാദറലി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍മെന്റിന്റെ അമ്പത്തിയൊന്നാം വാര്‍ഷികാഘോഷ ഭാഗമായാണ് ജിദ്ദയിലെ ടൂര്‍ണമെന്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖാദറും മുഹമ്മദാലിയും നാട്ടിലുള്ള ടൂര്‍ണമെന്റുകളില്‍ മാത്രമല്ല, മുഹമ്മദന്‍സ് ഉള്‍പ്പടെയുള്ള ടീമുകള്‍ക്കായി വരെ ബൂട്ടണിഞ്ഞവരായിരുന്നു. ഇവരുടെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷവും അതിവിപുലമായി പെരിന്തല്‍മണ്ണയില്‍ നടത്തിവരുന്ന ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്ന ഖാദറലി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കമ്മിറ്റിയുടെ സഹകരണവും ടൂര്‍ണമെന്റിനുണ്ടെന്ന് സംഘാടക സമിതി അംഗങ്ങളായ ഡോ. ഇന്ദു, എന്‍ജിനീയര്‍ ജുനൈദ, ഷമീം ടീച്ചര്‍ എന്നിവര്‍ റുവൈസ് എന്‍കണ്‍ഫെര്‍ട്ട് അപ്പാര്‍ട്ടുമെന്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സൗദിയിലെ എല്ലാ മേഖലയിലും വനിതാ സാന്നിധ്യം ശക്തമായി വരുന്ന കാലഘട്ടത്തില്‍ മലയാളി സമൂഹത്തില്‍ നിന്നുള്ള വനിതകള്‍ക്കും ഫുട്ബോള്‍ ഉള്‍പ്പടെയുള്ള കായിക, വിനോദ പരിപാടികളില്‍ അവരുടെ പങ്കാളിത്തത്തിനു അവസരമൊരുക്കുകയെന്ന ലക്ഷ്യവുമായാണ് തങ്ങള്‍ ഈ രംഗത്തേക്കു കടന്നു വന്നിട്ടുള്ളതെന്ന് അവര്‍ വ്യക്തമാക്കി. ഫുട്ബോളിനെ സ്നേഹിക്കുന്നവരും കളിക്കാന്‍ ഇഷ്ടപ്പെടുന്നവരുമായി നിരവധി വനിതകള്‍ ജിദ്ദയിലുണ്ട്. അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്നതും ലക്ഷ്യമാണെന്ന് അവര്‍ പറഞ്ഞു. ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് ജിദ്ദയില്‍ വനിതകള്‍ പത്രസമ്മേളനം നടത്തുന്നത് ഇതാദ്യമാണ്.

ജിദ്ദ ഖാലിദ് ബിന്‍ വലീദ് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ടില്‍ ഫെബ്രുവരി 15,16 തിയതികളിലാണ് ജിദ്ദയിലെ പ്രഥമ കാദറലി സെവന്‍സ് ടൂര്‍ണമെന്റ് നടക്കുക. വരും വര്‍ഷങ്ങളിലും ടൂര്‍ണമെന്റ് തുടരും. ജിദ്ദയിലുള്ളവരുടെ ടീമുകളും നാട്ടിലുള്ള നാല് പ്രാദേശിക ടീമുകളും, അല്‍ബഹ, യാമ്പു എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും ഉള്‍പ്പടെ 12 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. മിക്ക പ്രാദേശിക ടീമുകളും അവരുടെ കളിക്കാരെ നാട്ടില്‍ നിന്നു കൊണ്ടുവരുന്നതിതിനാല്‍ കളികള്‍ക്ക് ഉന്നത നിലവാരവും വീറും വാശിയും ജനപങ്കാളിത്തവും ഏറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിദ്ദയില്‍ ഇതാദ്യമായാണ് പ്രാദേശിക ടീമുകള്‍ ഒരു ടൂര്‍ണമെന്റിനു വേണ്ടി മാറ്റുരയ്ക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. ആദ്യ ദിവസമായ ഫെബ്രുവരി 15ന് നാലു മത്സരങ്ങളും ഫൈനല്‍ അടക്കം മറ്റു മത്സരങ്ങള്‍ 16നുമായിരിക്കും നടക്കുക. ജേതാക്കള്‍ക്ക് ട്രോഫിയും 5000 റിയാലും റണ്ണേഴ്‌സ് അപ്പിന് ട്രോഫിയും 3000 റിയാലും സമ്മാനമായി നല്‍കും. മത്സര നടത്തിപ്പിലും കാണികളിലും സ്ത്രീ പങ്കാളിത്തം പരമാവധി ഉണ്ടാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയാണെന്ന് അവര്‍ പറഞ്ഞു. നാസര്‍ ശാന്തപുരം, ലത്തീഫ് എന്‍കണ്‍ഫേര്‍ട്ട്, റീഗല്‍ മുജീബ്, അബ്ദുല്‍ മജീദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക