മാറ്റിവച്ച് റെക്കോഡിട്ട ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയില്‍; ഇതുവരെ മാറ്റിവെച്ചത് 30 തവണ
|
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയില്‍. പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയ വിചാരണ കോടതി വിധിക്കെതിരായ സി.ബി.ഐയുടെ അപ്പീലാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ എന്നിവരുടെ രണ്ടംഗ ബഞ്ച് ഒമ്പതാമത്തെ ഇനം ആയിട്ടാണ് ലാവലിന്‍ കേസ് ഇന്ന് പരിഗണിക്കുക. മുപ്പതിലധികം തവണയാണ് ഇതുവരെ ലാവലിന്‍ കേസ് മാറ്റിവെച്ചത്. അഞ്ച് വര്‍ഷത്തിനിടെ നിരവധി തവണ ഹരജി സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് വന്നുവെങ്കിലും ഇതുവരെയും കേസില്‍ വിശദമായ വാദം കേട്ടിട്ടില്ല. കഴിഞ്ഞ നാല് തവണയും സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്. ഇന്നും വാദം നടക്കുമോ അതോ മാറ്റുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതു വഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേസില്‍ അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീലാണ് സുപ്രിം കോടതി പരിഗണിക്കുക. ഇതോടൊപ്പം വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കൂട്ടു പ്രതികളുടെ ഹരജികളും കോടതിയിലുണ്ട്.





