22
Aug 2025
Sun
22 Aug 2025 Sun
Amoebic encephalitis

സംസ്ഥാനത്ത് ഭീതി വിതച്ച് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ ആറാം വാര്‍ഡില്‍ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52)യാണ് മരിച്ചത്. ഒന്നരമാസത്തെ ചികിത്സക്ക് ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ ഏഴിന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ചികിത്സ തുടങ്ങിയിരുന്നു. എന്നാല്‍ രോഗം ഭേദമാവാതെയായതോടെ ആഗസ്ത് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗാവസ്ഥ വഷളായതോടെ ആഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 31ന് പുലര്‍ച്ചെയാണ് അന്ത്യം

ഒരു മാസത്തിനിടെ ഒമ്പത് രോഗികള്‍

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച രോഗികളുടെ എണ്ണം ഭീതിജനകമാം വിധം വര്‍ധിച്ചു വരുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറായ വി.കെ ഷമീര്‍ പറയുന്നു. പണ്ട് മെഡിസിനില്‍ അമീബയെന്നാല്‍ വയറിളക്കം, ഇടക്ക് കരളില്‍ പഴുപ്പ് എന്നിവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമീബ ഒരു പ്രധാനപ്പെട്ട പ്രശ്നമായി മാറിയിരിക്കുകയാണെന്നും ഡോക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ശരിക്കും അമീബ ഒരു പ്രശ്നമാണോ?

വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണവും, ഈ രോഗത്തിന്റെ സ്വതസിദ്ധമായ അപകട സാധ്യതയും പരിഗണിക്കുമ്പോള്‍ അമീബിക് മസ്തിഷ്‌കജ്വരം ഒരു പ്രശ്നമാണ് എന്ന് തന്നെ പറയേണ്ടിവരും. ഒരു മാസത്തിനുള്ളില്‍ ഒമ്പത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച രോഗികളെ കണ്ടു കഴിഞ്ഞു എന്നത് ഒരു അപൂര്‍വ്വമായ അനുഭവം തന്നെയാണ്.

എന്തുകൊണ്ട് എണ്ണം കൂടുന്നു?

ഒരു ചോദ്യത്തിന് വളരെ വലിയ ഉത്തരം പറയുമ്പോള്‍ തന്നെ ഉറപ്പിക്കാം, കയ്യില്‍ കൃത്യമായ ഉത്തരം ഉണ്ടാവില്ലെന്ന്. പല ഘടകങ്ങള്‍ ആവാം കാരണം. കാലാവസ്ഥാ വ്യതിയാനം ആണ് ഏറ്റവും മുന്നില്‍. വെള്ളത്തിന്റെ ചൂട് കൂടുമ്പോള്‍ ഉറങ്ങിക്കിടക്കുന്ന ഉഷ്ണപ്രിയ അമീബ (നെഗ്ലേരിയ) സട കുടഞ്ഞ് എഴുന്നേല്‍ക്കുന്നതാവാം ഒരു കാരണം. ജല സ്രോതസ്സുകളെ വൃത്തിക്കുറവാണ് മറ്റൊന്ന്. കോവിഡ് കാലത്തിനു ശേഷം മാസ്‌കിലും ശാരീരിക അകലത്തിലും ഹസ്ത ശുദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിച്ച മലയാളി വെള്ളത്തിന്റെ വൃത്തിയുടെ കാര്യത്തില്‍ ഒരല്‍പ്പം പിറകോട്ട് പോയോ എന്നൊരു സംശയം ഇല്ലാതില്ല. കിണര്‍ വൃത്തിയാക്കല്‍, ടാങ്ക് കഴുകല്‍ തുടങ്ങിയ ആചാരങ്ങള്‍ പലപ്പോഴും മറന്നു പോയിട്ടുണ്ടാകണം.

എടുത്ത് പറയേണ്ടത് നീന്തല്‍ കുളങ്ങളും വെള്ളക്കെട്ടുകളും അതിന്റെ വൃത്തിയുമാണ്. പ്രകൃത്യാ ഉള്ളതായതിനാല്‍ അത് വൃത്തി ഉള്ളതാകുമെന്നും അത് കാരണം ഒരു രോഗവും വരാന്‍ സാധ്യതയില്ലെന്നും നമ്മള്‍ അങ്ങ് വിശ്വസിച്ചു. കിണര്‍ വെള്ളത്തെ അന്ധമായി വിശ്വസിച്ച പോലെ. കുളിക്കുന്ന, നീന്തല്‍ പഠിക്കുന്ന ജലാശയങ്ങളില്‍ മാലിന്യം വന്നു വീഴുന്നത് നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോയി.

വിനോദയാത്ര പോകുമ്പോഴും റിസോര്‍ട്ടുകളില്‍ ഉല്ലസിക്കുമ്പോഴും നീന്തല്‍ കുളങ്ങളിലെ വൃത്തിയെ കുറിച്ചല്ല പകരം ക്ലോറിന്‍ മണത്തെ കുറിച്ചും കണ്ണു നീറുന്നതിനെ കുറിച്ചുമാണ് നമ്മള്‍ പരാതി പറഞ്ഞത്. ഇതെല്ലാം നമുക്ക് തിരിച്ചടി ആയിക്കാണണം.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

പല തരം അമീബകള്‍ ഉണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ. കുടലിനെയും കരളിനെയും ബാധിക്കുന്ന അമീബയെ (എന്റമീബ ഹിസ്റ്റോളിറ്റിക) നമുക്ക് വിടാം. മസ്തിഷ്‌കം ഇഷ്ടപ്പെടുന്ന അമീബയുടെ കാര്യം മാത്രം എടുത്താല്‍ അത് തന്നെ പല തരമുണ്ട്. ഏറ്റവും ഭീകരനാണ് നെഗ്ലേറിയ. അതിനു പിറകില്‍ അകാന്തമീബ, പിന്നെ വെര്‍മമീബ, ബാലമുത്തിയ തുടങ്ങി കുറേ പേരുകള്‍. ഇവ തമ്മില്‍ ശരീരത്തില്‍ പ്രവേശിക്കുന്ന രീതി മുതല്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളിലും പരിഹാരങ്ങളിലും എല്ലാം വ്യത്യാസങ്ങളുണ്ട്.

നെഗ്ലേറിയ ശരീരത്തില്‍ കയറുന്നത് വെള്ളത്തില്‍ നിന്ന് മൂക്കിലൂടെയാണ്. കൃത്യമായി പറഞ്ഞാല്‍ മൂക്കിന്റെ അറ്റത്തെ തലയോട്ടിയുമായി വേര്‍തിരിക്കുന്ന എല്ലിലെ സുഷിരങ്ങളിലൂടെ (ക്രിബ്രിഫോം പ്ലേറ്റ്). കുട്ടികളില്‍ ഇത് പൂര്‍ണമായും വികസിക്കാത്ത കാരണം നുഴഞ്ഞുകയറ്റം കുറച്ചു കൂടി എളുപ്പമാകും. നെഗ്ലേറിയ അടങ്ങിയ വെള്ളം നല്ല ശക്തിയില്‍ മൂക്കിനുള്ളിലേക്ക് പ്രവേശിച്ചാല്‍ ഈ അമീബ തലയോട്ടിയുടെ സുരക്ഷാ ഭിത്തിയും ഭേദിച്ച് അകത്തേക്ക് കടക്കും. ഉള്ളില്‍ കയറിക്കഴിഞ്ഞാല്‍ മസ്തിഷ്‌കത്തില്‍ വലിയ കേടുപാടുകള്‍ ഉണ്ടാക്കാന്‍ ഇവര്‍ക്ക് കഴിയും. പനിയില്‍ തുടങ്ങി ശക്തമായ തലവേദന, ഛര്‍ദ്ദി, പെരുമാറ്റത്തിലെ വ്യത്യാസം, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ വരാന്‍ കുറച്ചു ദിവസങ്ങള്‍ മതി. മരണസാധ്യത വളരെ കൂടുതലാണ്.

അകാന്തമീബയാകട്ടെ തൂണിലും തുരുമ്പിലും എന്ന് പറയുന്ന പോലെ ഒരു സര്‍വവ്യാപിയായ അമീബയാണ്. ഏത് വഴി വേണമെങ്കിലും ശരീരത്തില്‍ എത്താം. മനുഷ്യരുമായി ചേര്‍ന്ന് നില്‍ക്കുകയും രോഗപ്രതിരോധശക്തി കുറഞ്ഞ സമയം നോക്കി അക്രമാസക്തരാവുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ക്ക്. കരള്‍ രോഗികള്‍, കാന്‍സര്‍ രോഗികള്‍ തുടങ്ങിയവരിലൊക്കെ അപൂര്‍മമായി അകാന്തമീബ മസ്തിഷ്‌കജ്വരം കാണാറുണ്ട്. ഇവര്‍ കുറച്ച് കൂടി സാവകാശത്തില്‍ തലച്ചോറില്‍ കേടുപാടുകള്‍ ഉണ്ടാക്കുന്ന കൂട്ടത്തിലാണ്. ലക്ഷണങ്ങള്‍ നെഗ്ലേറിയ പോലെ തന്നെ ആണെങ്കിലും ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുമെന്നതാണ് ഒരു വ്യത്യാസം. നെഗ്ലേറിയയുടെ അത്രയും അപകടകാരിയല്ലെങ്കിലും മരണസാധ്യത വളരെ കൂടുതലാണ് അകാന്തമീബയിലും.

എല്ലാ മസ്തിഷ്‌ക ജ്വരത്തിന്റെയും കാരണം കണ്ടെത്താന്‍ സാധാരണയായി ഉപയോഗിക്കുന്ന നട്ടെല്ല് കുത്തിയെടുക്കുന്ന തലച്ചോറിലെ സ്രവം (സിഎസ്എഫ്) ആണ് അമീബിക് മസ്തിഷ്‌കജ്വരം കണ്ടെത്താനും ഉപയോഗിക്കുന്നത്. മൈക്രോസ്‌കോപ്പിന് അടിയില്‍ പരിശോധിക്കുക എന്നതാണ് മാര്‍ഗം (വെറ്റ് മൗണ്ട്). ഇങ്ങനെ കണ്ടെത്തുന്നതില്‍ ചില നിര്‍ണായക ഘടകങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സിഎസ്എഫ് എടുത്ത ഉടനെ ലാബില്‍ എത്തണം. സാമ്പിള്‍ തണുപ്പിക്കാനും പാടില്ല. ഒരു അനുഭവ പരിചയമുള്ള മൈക്രോബയോളജിസ്റ്റിന് അമീബയെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഏത് തരം അമീബ എന്നതിനെ കുറിച്ചും ഒരു ഊഹം നല്‍കാന്‍ സാധിക്കുമെങ്കിലും അത് പൂര്‍ണമായും നിര്‍ണയിക്കുന്നത് പിസിആര്‍ പരിശോധനയിലൂടെ ആണ്. വളരെ ചുരുക്കം കേന്ദ്രങ്ങളിലേ ഈ സൗകര്യമുള്ളൂ എന്നത് ഒരു പ്രയാസമാണ്.

ചികിത്സ

അമീബയെ നശിപ്പിക്കാന്‍ കഴിയുന്ന പല തരം മരുന്നുകള്‍ നിലവിലുണ്ട്. അവയുടെ പല തരത്തിലുള്ള കോംബിനേഷന്‍ ആണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. കേരള ആരോഗ്യവകുപ്പ് ഇതിനായി ഒരു മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ ചികിത്സ തുടങ്ങല്‍ വളരെ നിര്‍ണായകമാണ്.

തടയാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും?

അപകടകാരിയായ ഒരു രോഗാണുവിനെ കുറിച്ച് പറഞ്ഞു ഭയപ്പെടുത്തിയതുകൊണ്ട് കാര്യമില്ലല്ലോ. തടയാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതാണല്ലോ ശ്രദ്ധിക്കേണ്ടത്. നേരത്തെ പറഞ്ഞുവെച്ച പോലെ ഈ അപകടകാരിയുടെ ശരീരത്തിലേക്കുള്ള പ്രവേശനം പ്രധാനമായും മൂക്കിലൂടെ ആണല്ലോ. അത് ഒഴിവാക്കാന്‍ നമുക്ക് പറ്റുന്നത് ചെയ്യാം. കഴിയുന്നതും കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള മുങ്ങിക്കുളി ഒഴിവാക്കാം. പ്രത്യേകിച്ചും വെള്ളത്തിലേക്കുള്ള ചാട്ടം, ഡൈവിങ് തുടങ്ങിയവ. നീന്തല്‍ പരിശീലനത്തിനൂപയോഗിക്കുന്ന കുളങ്ങളും സ്വിമ്മിങ് പൂളുകളും കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം, ക്ലോറിനേറ്റ് ചെയ്യണം.

എന്ത് വിശ്വാസങ്ങളുടെയോ ആചാരങ്ങളുടെയോ പേരിലായാലും മൂക്കില്‍ വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണം. എന്തെങ്കിലും ചികിത്സയുടെ ഭാഗമായാണെങ്കില്‍ മൂക്കിലേക്ക് ഒഴിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം ഒരു ഡ്രിപ്പിലൂടെ ഞരമ്പിലേക്ക് കയറ്റുന്ന വെള്ളം പോലെ ശുദ്ധമായിരിക്കണം. കിണറുകളും ടാങ്കുകളും വൃത്തിയാക്കണം. ക്ലോറിനേറ്റ് ചെയ്യണം. കുളിക്കുമ്പോള്‍ പറ്റുന്നതും തല താഴ്ത്തി വെച്ച് വെള്ളം ഒഴിക്കാം. ഷവറില്‍ കുളിക്കുമ്പോള്‍ മുഖം ഉയര്‍ത്തി വെച്ച് മൂക്കിലേക്ക് വെള്ളം നേരിട്ടു വീഴുന്ന രീതി ഒഴിവാക്കാന്‍ ശ്രമിക്കാം.

ആരോഗ്യപ്രവര്‍ത്തകര്‍ മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുള്ള എല്ലാ രോഗികളിലും അമീബയുടെ സാധ്യത കൂടി പരിഗണിക്കണം. പഴയപോലെ മുങ്ങിക്കുളിയുടെ സാധ്യത ഇല്ലാത്ത രോഗി ആണെങ്കിലും. സിഎസ്എഫ് അമീബ പരിശോധനക്ക് കൂടി വിടണം. കണ്ടു കഴിഞ്ഞാല്‍ ഉടന്‍ ചികിത്സ തുടങ്ങണം. അമീബിക് മസ്തിഷ്‌കജ്വരത്തെ കുറിച്ച് ഇന്ന് ലോകത്താകമാനം ഉള്ള അറിവുകള്‍ വളരെ വിരളമാണ്. കേസുകളുടെ എണ്ണം വളരെ കുറവായതിനാലാണത്. പല കാര്യങ്ങളും ഇനിയും തെളിഞ്ഞുവരാനുണ്ട്. ഓരോ രോഗിയും പ്രസന്റ് ചെയ്യുന്ന രീതിയും ചികിത്സയോടുള്ള പ്രത്രികരണവുമെല്ലാം കൃത്യമായി ഡോക്യുമെന്റ് ചെയ്യുകയും പുതിയ അറിവുകള്‍ ലോകത്തെ അറിയിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം കൂടി നമുക്കുണ്ട്.