കോഴിക്കോട്- കോഴിക്കോട്ട് വനാതിര്‍ത്തിയില്‍ പശുവിനെ മേയ്ക്കാന്‍പോയ യുവതിയെയും വളര്‍ത്തുപശുവിനെയും ജീവനറ്റ നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കോങ്ങോട് ഇഞ്ചിപ്പാറ മലമുകളില്‍ താമസിക്കുന്ന ചൂളപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബി(43) ആണ് മരിച്ചത്. പശുവിനെയും ആടിനെയുംമറ്റും വളര്‍ത്തുന്ന ബോബി, പശുവിനെ മേയ്ക്കാനാണ് വനമേഖലയിലേക്കുപോയത്. ബോബിയെ വീട്ടുകാര്‍ ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയിരുന്നു. എന്നാല്‍ വൈകീട്ട് നാലരയ്ക്ക് മക്കള്‍ സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് വന്നപ്പോള്‍ അമ്മയില്ലെന്ന് കണ്ടതോടെ നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ വീട്ടില്‍നിന്ന് വനാതിര്‍ത്തിയിലേക്ക് 50 മീറ്റര്‍ ദൂരംമാത്രമേയുള്ളൂ.
|
നാട്ടുകാരുംമറ്റും സമീപത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്തിയിരുന്നില്ല. പിന്നീടാണ് വനംവകുപ്പിലും പോലീസിലും വിവരമറിയിച്ചത്. പോലീസും വനംവകുപ്പും നാട്ടുകാരുമെല്ലാം രാത്രിവൈകിയും തിരച്ചില്‍ തുടരുന്നതിനിടെ അര്‍ധരാത്രിയാണ് യുവതിയുടെയും അല്‍പ്പമകലെ പശുവിന്റെയും ശരീരം ജിവനറ്റ നിലയില്‍ കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തില്‍ പരിക്കുകളൊന്നുമില്ല.
മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. തുടര്‍ന്ന് മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
കാട്ടാന ഉള്‍പ്പെടെയുളള വന്യമൃഗങ്ങളുളള മേഖലയാണ്. എന്നാല്‍ പ്രഥമദൃഷ്ട്യാ അത്തരം പരിക്കുകളൊന്നും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.


