|
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും തമ്മിലുള്ള ചർച്ചയെ തള്ളി ഇ.കെ വിഭാഗം സമസ്ത. പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രിയെയാണ് കാണേണ്ടതെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി ചർച്ച നടത്തിയിട്ടുണ്ടെങ്കിൽ അത് അപ്രസക്തമാണ്. ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനാവില്ല. ആർഎസ്എസിനോട് സഹകരിക്കേണ്ട വിഷയത്തിൽ സഹകരിക്കാം എന്നാൽ വിധേയത്വം പാലിക്കേണ്ടതില്ലെന്നും അബ്ദു സമദ് പൂക്കോട്ടൂർ പ്രതികരിച്ചു.’ആർഎസ്എസിന്റെ അടിസ്ഥാന തത്വം ഹിന്ദുത്വമാണ്. മതേതരത്വത്തെ അംഗീകരിക്കാത്തവരാണ് അവർ. ഈ ചർച്ച പ്രസക്തമല്ല. അവർക്ക് കീഴടങ്ങുന്നതായി തോന്നിയാൽ തെറ്റില്ല. ചർച്ച എന്തിനെന്ന് ജമാഅത്തെ ഇസ്ലാമി തന്നെയാണ് പറയേണ്ടത്,’ സമസ്ത നേതാവ് പറഞ്ഞു.
ചർച്ചയെ മുസ്ലീം ലീഗും തള്ളിപ്പറഞ്ഞിരുന്നു. നിലവിൽ ആർഎസ്എസുമായി ചർച്ചയ്ക്കുള്ള സാഹചര്യം ഇല്ലെന്ന് മുസ്ലീ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവരുമായി പോരാടേണ്ട സമയമാണ്. ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി ചർച്ച നടത്തിയതിനെ കുറിച്ച് അറിയില്ല. അതേക്കുറിച്ച് വിശദീകരിക്കേണ്ടത് അവരാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചർച്ച നടത്തി എന്ന് വാർത്തകളിൽ കണ്ട വിവരം മാത്രമേ തനിക്ക് ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.



