23
Feb 2023
Sun
23 Feb 2023 Sun

ബെംഗളൂരു : സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി രോഗാവസ്ഥ കൂടിയതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീംകോടതിയെ ഉടന്‍ സമീപിക്കും.വിചാരണ നടക്കുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. മൂന്നാഴ്ച മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്ദനിയെ ബെംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാല്‍ ഉടന്‍ സര്‍ജറി വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയമാവുന്നത് അതീവ സങ്കീര്‍ണമായിരിക്കുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. ദീര്‍ഘകാലങ്ങളായി ഉയര്‍ന്ന അളവില്‍ തുടരുന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും മഅ്ദനിയുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ക്രിയാറ്റിന്റെ അളവ് വളരെ ഉയര്‍ന്നുതന്നെ തുടരുന്ന സാഹചര്യത്തില്‍ ദിവസത്തിലെ മുഴുവന്‍ സമയത്തും ശക്തമായ തണുപ്പ് ശരീരരത്തില്‍ അനുഭവപ്പെടുന്നുണ്ട്. കാഴ്ച കുറയുകയും ശരീരം കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്യുന്നു. ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് മഅ്ദനിയെ പക്ഷാഘാതവും മറ്റ് അനുബന്ധ അസുഖങ്ങളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.