24
Dec 2024
Thu
24 Dec 2024 Thu
Abdussamad pookkottur Umer faizy

കോഴിക്കോട്: സമസ്ത മുശാവറയില്‍ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് അബ്ദുസമദ് പൂക്കോട്ടൂര്‍. (Abdussamad Pokkootoor comment against Umer Faizy Mukkam) യോഗത്തില്‍ ഉമര്‍ ഫൈസിയുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര അച്ചടക്ക ലംഘനമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘സമസ്തയില്‍ അധ്യക്ഷന്റേത് അവസാന വാക്കാണ്. അത് അനുസരിക്കേണ്ടത് സമസ്ത അംഗങ്ങളുടെ കടമയാണ്. സമസ്ത അധ്യക്ഷന്‍ പുറത്തുനില്‍ക്കാന്‍ പറഞ്ഞാല്‍ പുറത്തു നില്‍ക്കണം’- അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ഇന്നലെ നടന്ന സമസ്ത മുശാവറയില്‍ നേതാക്കള്‍ തമ്മില്‍ കടുത്ത വാഗ്വാദം നടന്നതായാണ് വിവരം. ഉമര്‍ ഫൈസി മുക്കത്തെ ചൊല്ലിയുള്ള ചര്‍ച്ചയ്ക്കിടെയാണ് തര്‍ക്കമുണ്ടായത്. ഉമര്‍ ഫൈസിയെ കുറിച്ചുള്ള ചര്‍ച്ചയായതിനാല്‍ അദ്ദേഹം മാറിനില്‍ക്കണമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.

ALSO READ: ലീഗിനെ ചൊല്ലി സമസ്തയില്‍ ഭിന്നത രൂക്ഷം; മുശാവറ യോഗത്തില്‍ നിന്ന് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയി

ഇത് അംഗീകരിക്കാന്‍ ഉമര്‍ ഫൈസി തയ്യാറായില്ല. പ്രസിഡന്റ് പറഞ്ഞത് അംഗീകരിക്കണമെന്ന് ബഹാഉദ്ദീന്‍ നദ്വി പറഞ്ഞപ്പോള്‍ നിങ്ങള്‍ കള്ളന്‍മാര്‍ പറയുമ്പോള്‍ മാറിനില്‍ക്കാനാവില്ല എന്നായിരുന്നു ഉമര്‍ ഫൈസിയുടെ മറുപടി.അപ്പോള്‍ താങ്കളുടെ എന്താണ് താന്‍ മോഷ്ടിച്ചതെന്ന് ബഹാഉദ്ദീന്‍ നദ്വി ചോദിച്ചു. മോഷണമല്ല, കളവ് പറയുന്നവരെയാണ് കള്ളന്മാര്‍ എന്ന് പറഞ്ഞതെന്ന് ഉമര്‍ ഫൈസി പ്രതികരിക്കുകയും ചെയ്തു.

അപ്പോഴാണ് എല്ലാവരും കള്ളന്‍മാരെന്ന് പറയുമ്പോള്‍ താനും പെടുമല്ലോ എന്ന് പറഞ്ഞ് ജിഫ്രി തങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. തുടര്‍ന്ന് വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, പ്രാര്‍ഥന നടത്തി യോഗം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം സമസ്ത മുശാവറയില്‍ പൊട്ടിത്തെറിയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഉമര്‍ ഫൈസി തള്ളി. മുശാവറയില്‍ പൊട്ടിത്തെറി ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങളില്‍ വന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്നും ഉമര്‍ഫൈസി പറഞ്ഞു.

‘സുന്നീ ആദര്‍ശത്തിന് എതിരായവര്‍ ലീഗിന്റെ നേതൃതലങ്ങളിലുണ്ടാവാന്‍ പാടില്ല. ലീഗ് സെക്രട്ടറി സമസ്ത പ്രസിഡന്റിനെ ചീത്തവിളിച്ചത് വെറുപ്പുണ്ടാക്കി. സമസ്തയില്‍ സിപിഎം സ്ലീപ്പിങ് സെല്ലില്ലെന്നും’ -ഉമര്‍ഫൈസി പറഞ്ഞു.

അതിനിടെ ബഹാവുദ്ദീന്‍ നദ്‌വിയുടെ കോള്‍ റെക്കോഡും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ഉമര്‍ ഫൈസിയോട് ചര്‍ച്ചാ വേളയില്‍ പുറത്ത് നില്‍ക്കാന്‍ പറഞ്ഞതും അത് അനുസരിക്കാത്തതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.