27
Feb 2024
Sat
27 Feb 2024 Sat

വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി; സ്ത്രീധനം ചോദിച്ച് നിരന്തര പീഡനവും; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: നെടുമങ്ങാട് ഇരുപത്തിരണ്ടുകാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പനവൂര്‍ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടില്‍ അയ്യപ്പന്‍ എന്നു വിളിക്കുന്ന ശരത് (29) ആണ് അറസ്റ്റിലായത്. സ്ത്രീധന പീഡനമാണ് മരണത്തിനു കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.

ശരത്തിന്റെ ഭാര്യ അഭിരാമിയെ (22) വ്യാഴാഴ്ച രാവിലെയാണ് വീടിനു പുറത്തെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ശരത് വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത് കല്യാണനിശ്ചയം കഴിഞ്ഞ ഉടന്‍ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.

ഇതിനു ശേഷം സ്ത്രീധനത്തിന്റെ പേരില്‍ അഭിരാമിയെ നിരന്തരം മര്‍ദിച്ചിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. അഭിരാമിയുടെ ആത്മഹത്യയില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ശരത് അഭിരാമി ദമ്പതികള്‍ക്ക് ഒന്നര വയസ് പ്രായമുള്ള ഒരു ആണ്‍കുഞ്ഞും ഉണ്ട്.

അറസ്റ്റിലായ ശരത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.