എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, ED ചോദ്യംചെയ്യും; കണക്കില്‍പ്പെടാത്ത 31 ലക്ഷം സ്ഥിരനിക്ഷേപമെന്ന് ആരോപണം
|
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എ.സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനു പിന്നാലെ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. മൊയ്തീന്റെ പേരില്‍ രണ്ടു ബാങ്കുകളിലായുള്ള 31 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നാണ് വിവരം.
എം.എല്‍.എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനായി ഉടന്‍ നോട്ടീസ് അയക്കും. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് ഇഡിയുടെ ആരോപണം. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി.
മുന്‍മന്ത്രിയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എഫ്ഡിയായി കിടക്കുന്ന 31 ലക്ഷം രൂപ കണക്കില്‍പ്പെടാത്തതാണെന്നാണ് ഇഡി പറയുന്നത്. അതിനാലാണ് മരവിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്.
കരുവന്നൂര്‍ തട്ടിപ്പില്‍ 2021 ഓഗസ്റ്റ് ഏഴിനാണ് ഇഡി കേസെടുത്തത്. ബാങ്കിന്റെ മുന്‍ സെക്രട്ടറി ടിആര്‍ സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റായിരുന്ന സികെ ജില്‍സ്, ബാങ്ക് മെമ്പര്‍ കിരണ്‍, കമ്മിഷന്‍ ഏജന്റായിരുന്ന എ.കെ. ബിജോയ്, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് റെജി അനില്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. എകെ ബിജോയുടെ 30.70 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടക്കുമ്പോള്‍ പരാതിക്കാരനായ കരുവന്നൂര്‍ ബാങ്ക് എക്സ്റ്റന്‍ഷന്‍ ശാഖാ മാനേജരായിരുന്ന എംവി സുരേഷില്‍നിന്ന് ഇ.ഡി. മൊഴിയെടുക്കുകയായിരുന്നു.





