പാലക്കാട്: ഹോട്ടലുടമ സിദ്ധീഖിന്റെ ക്രൂര കൊലപാതകത്തിൽ തമിഴ്നാട്ടിൽ നിന്ന് പിടിയിലായ പ്രതികളെ ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. സിദ്ധീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന 22കാരൻ വല്ലപ്പുഴ സ്വദേശി ഷിബിലി, പെൺസുഹൃത്ത് ചളവറ സ്വദേശിനി 18കാരിയായ ഫർഹാന എന്നിവരെയാണ് നാട്ടിലെത്തിക്കുക.
|
സിദ്ധീഖിന്റെ ഒളവണ്ണയിലെ ചിക്ക് ബേക്ക് എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. സ്വഭാവദൂഷ്യത്തെ തുടർന്ന് ഇയാളെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ഇരുവരേയും തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ, കേസിൽ രണ്ട് പേരെ കൂടി പിടികൂടി. ഫർഹാനയുടെ സഹോദരൻ ഷുക്കൂറിനെയും സുഹൃത്ത് ആഷിഖിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ചെർപ്പുളശേരിയിൽ നിന്നാണ് ആഷിഖിനെ പിടികൂടിയത്. കൊലപാതകം നടക്കുന്ന സമയത്ത് ആഷിഖ് കോഴിക്കോട്ടെ ഹോട്ടലിൽ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പണം പിൻവലിക്കുമ്പോഴും ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ഷുക്കൂറിനെ ചളവറയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോവുന്ന ദൃശ്യങ്ങളിൽ ഷുക്കൂറും ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇതോടെ കേസിൽ നാലു പേര്‍ പിടിയിലായി. അതേസമയം അട്ടപ്പാടി ചുരം വളവിൽ നിന്നും കണ്ടെത്തിയ ട്രോളി ബാഗുകളിലുള്ളത് സിദ്ധീഖിന്റെ മൃതദേഹാവശിഷ്ടങ്ങൾ തന്നെയെന്ന് മകൻ സ്ഥിരീകരിച്ചു.
കോഴിക്കോട് ചിക്ക് ബേക്ക് എന്ന ഹോട്ടൽ നടത്തുകയായിരുന്ന തിരൂർ സ്വദേശി സിദ്ധീഖ് (58) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഈ മാസം 18നാണ് സിദ്ധീഖ് ഒടുവിൽ വീട്ടിൽ നിന്ന് പോയത്. അന്ന് വൈകീട്ട് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. സിദ്ധീഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകൻ തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി.
തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് യുവാവും യുവതിയും പിടിയിലായത്. ചെന്നൈയിൽ നിന്നാണ് ഷിബിലിയെയും ഫർഹാനയെയും പിടികൂടിയത്. ഇരുവരും കഴിഞ്ഞ ദിവസം മുതൽ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരള പൊലീസ് നൽകിയ വിവരമനുസരിച്ച് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.





