23
Sep 2022
Fri
23 Sep 2022 Fri

​സാമൂഹികപ്രവർത്തക ടീസ്റ്റ സെറ്റൽവാദിന് ഇടക്കാല ജാമ്യം. 2002ലെ ​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ബിജെപി സർക്കാരിനെതിരേ വ്യാജ തെളിവുകൾ ചമച്ചുവെന്നാരോപിച്ച് എടുത്ത കേസിൽ ജയിലിലടയ്ക്കപ്പെട്ട ടീസ്റ്റയ്ക്ക് സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഈമാസമാദ്യം ജാമ്യം തേടി ടീസ്റ്റ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി ആറാഴ്ചത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ഹൈക്കോടതി ഹരജി പരി​ഗണിക്കുന്നതു വരെ ടീസ്റ്റയ്ക്ക് ഇടക്കാലജാമ്യം അനുവദിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് അം​ഗമായ ബെഞ്ച് വ്യക്തമാക്കി. 

 

ഈ  വർഷം ജൂൺ 26നാണ് ടീസ്റ്റ അറസ്റ്റിലായത്. കോൺ​ഗ്രസ് എംപി ഇഹ്സാൻ ജഫ്രി അടക്കമുള്ളവരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരേ അദ്ദേഹത്തിന്റെ വിധവ സാക്കിയ ജഫ്രി സുപ്രിംകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജിയിൽ ടീസ്റ്റയും കക്ഷി ചേർന്നിരുന്നു. സുപ്രിംകോടതി ഹരജി തള്ളിയതിനു പിന്നാലെയായിരുന്നു ടീസ്റ്റയെ ​ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

 

ടീസ്റ്റയ്ക്കൊപ്പം ​ഗുജറാത്ത് മുൻ പൊലീസ് ഓഫിസർ ഐ ബി ശ്രീകുമാറും അറസ്റ്റിലായിരുന്നു. 2002ൽ നടന്നതാണ് കേസിനാധാരമായ സംഭവമെന്നും അറസ്റ്റിലായ ടീസ്റ്റയെ പൊലീസ് 7 ദിവസം കസ്റ്റഡിയിൽ വച്ചിരുന്നുവെന്നും കേസന്വേഷണത്തിന് അതു മതിയായിരുന്നുവെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.