സിനിമസീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു
|
കൊച്ചി: മലയാള സിനിമസീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് സിനിമകളിലും സീരിയലുകളിലുമായി മുന്നോറോളം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച.
സിനിമകളേക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് കൈലാസ് നാഥ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു കാലത്ത് തമിഴ് സിനിമാരംഗത്ത് വിലപിടിപ്പുള്ള നടനായിരുന്നു ഇദ്ദേഹം. ദീര്‍ഘകാലം ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തില്‍ ‘ഇതു നല്ല തമാശ’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
ചിരഞ്ജീവി, ശങ്കര്‍, ശ്രീനാഥ്, നാസര്‍ എന്നിവര്‍ക്കൊപ്പം ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ കൈലാസ് 1977ല്‍ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയത്. ‘ഒരു തലൈ രാഗം’ എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തി. ചിത്രം തമിഴകത്തെ ബമ്പര്‍ ഹിറ്റായി മാറി. പാലവനൈ ചോല എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴില്‍ തൊണ്ണൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു.
സേതുരാമയ്യര്‍ സിബിഐയിലെ സ്വാമിയായും സ്വന്തമെന്ന പദത്തിലെ കൊച്ചു കുട്ടനായും ഇരട്ടി മധുരത്തിലെ സുമനായും ശ്രീനാരായണ ഗുരുവിലെ ചട്ടമ്പി സ്വാമികളായും ശരവര്‍ഷത്തിലെ അയ്യരായും ഒക്കെ നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം,മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടു.


