Actor Maniyan Pilla Raju car accident തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍വെച്ച് ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. കെ.എല്‍ 01 സി.ജെ 04 എന്ന നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
|
അപകടകരമായി വാഹനമോടിച്ചതിന് കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിവേദിതിന്റെ കാലുകള്‍ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാള്‍ കിംസ് ആശുപത്രിയിലും ഒരാള്‍ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.
‘KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്‌ട്രേഷന്‍ രേഖ. ഇത് നടന്റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി തന്നെ നടന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് മണിയന്‍ പിള്ള രാജു പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. പെട്ടെന്ന് പാനിക്ക് ആയെന്നും ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും രാജു പറഞ്ഞു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരിക ആയിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തിനു പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്നും രാജു അവകാശപ്പെട്ടു. വാഹനം നിര്‍ത്താതെ പോയത് തന്റെ തെറ്റാണ്. മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. 2 വര്‍ഷമായി താന്‍ മദ്യപിച്ചിട്ടില്ലെന്ന് രാജു അവകാശപ്പെട്ടു.
പോലീസിന് ഗുരുതര വീഴ്ച്ച
അപകടത്തിന് ശേഷം താന്‍ പോലീസിനെ ബന്ധപ്പെട്ടിരുന്നുവെന്നും രാവിലെ ഹാജരായാല്‍ മതിയെന്ന് പോലീസ് പറഞ്ഞുവെന്നും മണിയന്‍ പിള്ള രാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വാഹനാപകമുണ്ടാക്കി രണ്ടു പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും നിര്‍ത്താതെ പോവുകയും ചെയ്തയാള്‍ ഒരു ദിവസം കഴിഞ്ഞ് ഹാജാരായാല്‍ മതിയെന്ന് പോലീസ് പറഞ്ഞത് എന്ത് കൊണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്. വാഹനോടിച്ചയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് വൈദ്യ പരിശോധന നടത്താനുള്ള നിര്‍ണായക അവസരമാണ് ഇതിലൂടെ നഷ്ടപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇടിച്ച വോള്‍വോ കാര്‍ ഇതുവരെ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയിട്ടില്ല. വാഹനം ഇപ്പോള്‍ എവിടെയാണുള്ളതെന്നും വ്യക്തമല്ല. എഫ്‌ഐആറില്‍ രാജുവിന്റെ പേരില്ലെന്നും റിപോര്‍ട്ടുകളുണ്ട്.


