16
Mar 2024
Mon
16 Mar 2024 Mon

തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്: ടോവിനോ തോമസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുള്ള ചിത്രങ്ങളോ തന്റെ ഫോട്ടോയോ ഉപയോഗിക്കരുതെന്ന് നടൻ ടോവിനോ തോമസ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻറെ ‘സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ’ അംബാസിഡർ ആയതിനാലാണ് ഇതെന്നും താരം വ്യക്തമാക്കി.

‘എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ. ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ അംബാസിഡർ ആയതിനാൽ എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്. അത് നിയമ വിരുദ്ധമാണ്.

‘ആരെങ്കിലും ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കിൽ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. എല്ലാവർക്കും നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു’ എന്നാണ് ടോവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഇടത് സ്ഥാനാർഥികൾ ടോവിനോക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് ടോവിനോയുടെ പ്രതികരണം.