19
Oct 2025
Sat
19 Oct 2025 Sat
actor vijay poster

ടി ടിവികെ നേതാവും നടനുമായ വിജയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഭരണ കക്ഷിയായ ഡിഎംകെ. ആര്‍എസ്എസ് വേഷത്തില്‍ വിജയ് നില്‍ക്കുന്ന പ്രതീകാത്മക ചിത്രം ഡിഎംകെ പുറത്തിറക്കി. ടിവികെ പതാകയുടെ നിറമുള്ള ഷോള്‍ കഴുത്തില്‍ അണിഞ്ഞ് തിരിഞ്ഞ് നിന്ന് കൈ ഉയര്‍ത്തി നില്‍ക്കുന്ന വിജയ്യുടെ ഗ്രാഫിക്സ് ചിത്രമാണ് ഡിഎംകെ തയ്യാറാക്കിയത്. ചിത്രത്തില്‍ വിജയ്യുടെ ദേഹത്തും കയ്യിലും ചോര കാണാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിഎംകെ ഐടി വിഭാഗം ആണ് ചിത്രം പങ്കുവെച്ചത്. വിജയ് കരൂരില്‍ സന്ദര്‍ശനം നടത്താത്തതിനെ വിമര്‍ശിച്ചു കൊണ്ടാണ് പോസ്റ്റ്. തിരക്കഥ തയ്യാറാകാത്തത് കൊണ്ടാണോ കരൂരില്‍ പോകാത്തതെന്ന് പോസ്റ്റില്‍ ചോദിക്കുന്നു. വിജയ് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കുകയാണെന്നും ഡിഎംകെ ഐടി വിഭാഗം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ALSO READ: കോട്ടുവായ ഇട്ടതിന് ശേഷം വായ അടക്കാനായില്ല; യാത്രക്കാരന് അടിയന്തര വൈദ്യസഹായം നല്‍കി റെയില്‍വേ

‘വെറും പബ്ലിസിറ്റിക്ക് വേണ്ടി കരൂരില്‍ ആള്‍ക്കൂട്ടത്തെ ഒരുമിച്ച് കൂട്ടാന്‍ ശ്രമിച്ചതുകൊണ്ടും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചത് കൊണ്ടുമുണ്ടായ ദുരന്തം നടന്നിട്ട് ഇന്നേക്ക് 20 ദിവസമാകുന്നു. അവനെ കാണാന്‍ വന്ന് ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ കാണാനോ, അനുശോചനം അറിയിക്കാനോ, ദുരിതാശ്വാസ ഫണ്ട് നല്‍കാനോ അവര്‍ തയ്യാറായില്ല. വഞ്ചനാപരമായ ഈ മൗനം മരിച്ചവരുടെ കുടുംബത്തോടുള്ള അനാദരവാണ്. നിങ്ങള്‍ക്ക് ഇതുവരെ സമയം കിട്ടിയില്ലേ? അതോ തിരക്കഥ തയ്യാറാകാത്തതാണോ? ഈ പാര്‍ട്ടിയുടെ നിഘണ്ടുവില്‍ മനുഷ്യത്വമില്ലാത്തതാണോ? അനുമതി ലഭിച്ചില്ലെന്ന ഒഴിവ് കഴിവ് പറയാനാണോ’, ഡിഎംകെ ചോദിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം വിജയ് കരൂരിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. സിബിഐ അന്വേഷണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. സിബിഐ അന്വേഷണത്തെ തടസപ്പെടുത്താന്‍ ഇല്ലെന്നായിരുന്നു ടിവികെ നേതാക്കള്‍ അറിയിച്ചത്.

സെപ്റ്റംബര്‍ 27നായിരുന്നു കരൂരില്‍ വിജയുടെ റാലിയില്‍ പങ്കെടുക്കാനെത്തിയ 41 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. വിജയിയെ കാണാന്‍ രാവിലെ മുതല്‍ വലിയ ജനക്കൂട്ടം വേലുചാമിപുരത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കാണ് വിജയ് പരിപാടിക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ ആറ് മണിക്കൂര്‍ വൈകിയാണ് എത്തിയത്. തളര്‍ന്നിരുന്ന ആളുകള്‍ വിജയ് പ്രസംഗിച്ച് തുടങ്ങിയതോടെ കുഴഞ്ഞുവീണു. തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിക്കുകയും ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കുകയും ചെയ്തു.

ഇതോടെ ആളുകള്‍ കുപ്പിവെള്ളം പിടിക്കാന്‍ തിരക്ക് കൂട്ടുകയും തിക്കിലും തിരക്കിലുംപെടുകയുമായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ വിജയ് സ്ഥലത്തുനിന്ന് പോവുകയായിരുന്നു.