22
Feb 2023
Fri
22 Feb 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: മലയാളി നടിക്ക് നേരെയുണ്ടായ ലൈംഗിക ആക്രമണ കേസിൽ സാക്ഷിവിസ്താരത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. സാക്ഷിവിസ്താരത്തിന്റെ കാര്യത്തിൽ വിചാരണക്കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നു സുപ്രീം കോടതി വ്യക്തമാക്കി. മഞ്ജുവാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ കേസിലെ പ്രതിയായ ദിലീപ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24ലേക്കു മാറ്റി.

കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നതു പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. സാക്ഷിവിസ്താരത്തിന്റെ പുരോഗതി നോക്കിയാവും ഇതിൽ തീരുമാനം. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്നു കോടതി നിർദേശിച്ചു. സാക്ഷിവിസ്താരം പൂർത്തിയാക്കാൻ 30 പ്രവൃത്തി ദിനങ്ങൾ വേണമെന്നു പ്രോസിക്യൂഷൻ അറിയിച്ചു.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നതെന്നും ഇതിൽ മൂന്നു പേരുടെ വിസ്താരം പൂർത്തിയായതായും പ്രോസിക്യൂഷൻ അറിയിച്ചു.
നാലു പേരെയാണ് കേസിൽ ഇനി വീണ്ടും വിസ്തരിക്കാനുള്ളത്. പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം ഇത് ഒരു മാസത്തിനകം തീർക്കാനാവുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ വ്യാജ കാരണങ്ങളാണ് പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടുന്നതെന്നു ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞു. തെളിവുകളുടെ വിടവ് നികത്താനാണ് ഇതെന്നും ദിലീപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആരോപിച്ചു.