17
Aug 2023
Fri
17 Aug 2023 Fri

‘മാപ്പുപറഞ്ഞാലും ഞങ്ങള്‍ സമ്മതിക്കില്ല..’: ഷംസീറിനെ പിന്തുണച്ചും NSS നെ തള്ളിയും നടി സജിത മഠത്തില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെച്ചി: ഗണപതിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ എന്‍.എസ്.എസും സംഘ്പരിവാര സംഘടനകളും പ്രതിഷേധം നടത്തിവരുന്നതിനിടെ സ്പീക്കര്‍ക്ക് പിന്തുണയുമായി നടി സജിത മഠത്തില്‍. ഷംസീര്‍ മാപ്പുപറയാന്‍ ആഗഹിച്ചാല്‍ പോലും ഞങ്ങള്‍ സമ്മതിക്കില്ലെന്നും അത് ശാസ്ത്ര ബോധത്തില്‍ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവുമെന്നുും സജിത ഫേസ്ബുക്കില്‍ കുറിച്ചു. ശാസ്ത്ര ബോധത്തെ ഹനിച്ചവര്‍ ആദ്യം ഒന്നൊന്നായി മാപ്പ് പറയട്ടെയെന്നും നടി കുറിച്ചു. പ്രതിപക്ഷം വിഷയത്തില്‍ ശ്രദ്ധയോടെ പ്രതികരിക്കണമെന്നും സജിത പറയുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റ വാക്കുകള്‍ പങ്കുവച്ചാണ് നടിയുടെ കുറിപ്പ്.

സജിത മഠത്തിലിന്റെ കുറിപ്പ് വായിക്കാം

അതെ ! അതെ ! മത വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കരുത്!
എന്റെ അഭിപ്രായവും അതു തന്നെയാണ്‍
ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇപ്പോഴും. പക്ഷെ ഇക്കണക്കിനു പോയാല്‍ സയന്‍സ് പാഠങ്ങളില്‍ മിത്തും പുരാണവും ശാസ്ത്രീയമായി പഠിക്കാന്‍ അധികകാലമൊന്നും വേണ്ടി വരില്ല. പണി തുടങ്ങിക്കഴിഞ്ഞല്ലോ!
കവിഭാവനയിലെ പുഷ്പകവിമാനം എനിക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമല്ല. അത് സയന്‍സ് കോണ്‍ഗ്രസ്സില്‍ എത്ര വലിയ പദവിയിലിരിക്കുന്ന ആള്‍ വന്നു പറഞ്ഞാലും ശാസ്ത്ര സത്യമാവില്ല. ഇതൊന്നും തെളിയിക്കപ്പെടാന്‍ വിശ്വാസമല്ല കൂട്ട്. അതിന് ശാസ്ത്ര ഗവേഷണത്തിന്റെ ടൂളുകള്‍ തന്നെ വേണം.
ശാസ്ത്ര സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കലാണെങ്കില്‍ തിരിച്ചു പറയുന്നത് ഞാന്‍ ഇത്രയും കാലം പഠിച്ചു വളര്‍ന്ന ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതുമാണ്.
ആയതിനാല്‍ ശാസ്ത്ര ബോധത്തെ ഹനിച്ചവര്‍ ആദ്യം ഒന്നൊന്നായി മാപ്പ് പറയൂ. അതുവരെ നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കര്‍ ഷംസീര്‍ മാപ്പുപറയാന്‍ അദ്ദേഹം ആഗഹിച്ചാല്‍ പോലും ഞങ്ങള്‍ സമ്മതിക്കില്ല. അത് ശാസ്ത്ര ബോധത്തില്‍ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവും.
എന്താ ശാസ്ത്രബോധത്തോടെ വളര്‍ന്നവരുടെ വികാരങ്ങള്‍ക്ക് മുറിവ് ഏല്‍ക്കില്ലെ? എന്തൊരു കഷ്ടമാണിത്? ശാസ്ത്ര സത്യത്തിലൂന്നി ഒരഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്രത്തിലുള്ള ഇടപെടല്‍ ആക്കുന്നതെങ്ങിനെ? പ്രതിപക്ഷം ഈ വിഷയത്തില്‍ കൂടുതല്‍ അവധാനതയോടെ പ്രതികരിക്കേണ്ടതുണ്ട്. ഇത് അപകടകരമായ ഇടപെടലാണ്.
ശാസ്ത്ര ബോധത്തിനൊപ്പം തന്നെയാണ്‍
ശാസ്ത്ര സത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബഹുമാന്യ നിയമസഭാ സ്പീക്കര്‍ക്ക്, എ.എന്‍ ഷംസീറിന് അഭിവാദ്യങ്ങള്‍.