തിരുവനന്തപുരം: പൂരം കലക്കിയതിന്റെ ഉത്തരവാദിത്തം കീഴുദ്യോഗസ്ഥന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ നീക്കത്തിന് തിരിച്ചടി. (ADGP intervened in Pooram control, Special Branch ) പൂരം നിയന്ത്രണങ്ങളില്‍ എഡിജിപി ഇടപെട്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തു വന്നു.
|
പൂരത്തിന് നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചത് എഡിജിപിയാണ്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിജിപി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിന് വിരുദ്ധമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരങ്ങള്‍.
എഡിജിപി പൂരദിവസവും തലേദിവസവും തൃശൂരില്‍ ഉണ്ടായിരുന്നു. പൂരം കലങ്ങിയപ്പോള്‍ സ്ഥലത്തെത്തി. പുലര്‍ച്ചെ മടങ്ങിയ എഡിജിപി പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാക്കി. എഡിജിപി തങ്ങിയത് തൃശൂര്‍ പൊലീസ് അക്കാദമിയിലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ALSO READ: പൂരം കലക്കിയില്ല, കലങ്ങിയതെന്ന് അന്വേഷണ റിപോര്‍ട്ട്; റിപോര്‍ട്ട് തള്ളി സിപിഐ
അതേസമയം, തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ഇന്ന് സര്‍ക്കാരിന് കൈമാറും. ഡിജിപിയുടെ കുറിപ്പോടെയാകും റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക. ഇന്ന് തന്നെ മുഖ്യമന്ത്രി റിപ്പോര്‍ട്ട് പരിശോധിക്കും.
പൂരം അലങ്കോലമായതില്‍ അട്ടിമറിയോ ബാഹ്യ ഇടപെടലോ ഇല്ലെന്നാണ് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ തന്നെ നടപടി നേരിട്ട തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിന്റേതൊഴിച്ചാല്‍, മറ്റ് ഉദ്യോഗസ്ഥതല വീഴ്ച കണ്ടെത്തിയിട്ടില്ല. അങ്കിത് അശോകിന്റെ പരിചയക്കുറവാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
അതിനാല്‍ത്തന്നെ നടപടിക്ക് ശിപാര്‍ശയും റിപ്പോര്‍ട്ടിലില്ല. പൂരം തടസ്സപ്പെട്ടതില്‍ ദേവസ്വങ്ങളുടെ പങ്കും പ്രത്യേകം പറയുന്നുണ്ട്. ശനിയാഴ്ചയാണ് എഡിജിപി റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പ്രത്യേക ദൂതന്‍ വഴി കൈമാറിയത്. ഇന്ന് തന്റെ കുറിപ്പോടു കൂടി ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറും.
തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കുക. എന്നാല്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വാര്‍ത്തയായി നല്‍കിയ മാധ്യമങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി, റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നും ഇന്നലെ തൃശൂരില്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ട് തൃപ്തികരമാണോ അല്ലയോ എന്നതില്‍ ഡിജിപി രേഖപ്പെടുത്തുന്ന കുറിപ്പ് നിര്‍ണായകമാണ്. നടപടിക്ക് ശിപാര്‍ശയോ കൂട്ടിച്ചേര്‍ക്കലുകളോ കുറിപ്പിലുണ്ടായാല്‍ സര്‍ക്കാരിന് അത് പരിഗണിക്കേണ്ടി വരും.





