08
Oct 2023
Fri
08 Oct 2023 Fri

മലപ്പുറം: നിലമ്പൂരില്‍ ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ ഭൂസമരം അഞ്ചുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആദിവാസി ഭൂസമര സഹായസമിതി ഭാരവാഹികള്‍ മലപ്പുറത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ആദിവാസികള്‍ക്ക് വേണ്ടി 2009 ലെ സുപ്രിം കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പട്ടിണി സമരം 150 ദിവസം പിന്നിട്ടിരിക്കുകയാണ്. ആദിവാസികള്‍ക്ക് അര്‍ഹമായ ഭൂമി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ മടികാണിക്കുകയാണ്. 2001ല്‍ നല്ല തെരതമ്പി സമര്‍പ്പിച്ച കേസില്‍ 2009 ലാണ് സുപ്രിം കോടതി വിധി വരുന്നത്. ഈ വിധി പ്രകാരം കേരളത്തിലെ ആദിവാസികള്‍ക്ക് ഭൂമി വിതരണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് സുപ്രിം കോടതിയോടുള്ള വെല്ലുവിളിയായിട്ടാണ് ആദിവാസി സമൂഹം മനസിലാക്കുന്നത് . അതോടൊപ്പം രാജ്യത്തിന്റെ പരമോന്നത നിയമ സംവിധാനത്തെ ഫെഡറല്‍ സംവിധാനത്തില്‍ നിന്ന് ധിക്കരിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയായിട്ടാണ് കാണുന്നതെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1975ലാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ ആദ്യം നിയമം പാസ്സാക്കിയത്. 1986ല്‍ മാത്രമാണ് നിയമം വിജ്ഞാപനം ചെയ്തതും ചട്ടങ്ങള്‍ രൂപീകരിച്ചതും. അതനുസരിച്ച് 1960നും 1982നും ഇടയില്‍ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിച്ച് ആദിവാസികള്‍ക്ക് നല്‍കണം. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയമം നടപ്പാക്കാതെ ഒഴിഞ്ഞു മാറി. ഈ സാഹചര്യത്തില്‍ ഡോ . നല്ല തമ്പി തെരയും മറ്റും ഹൈക്കോടതിയെ സമീപിച്ചു . നിയമം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു . എന്നാല്‍ സര്‍ക്കാര്‍ നിയമം അട്ടിമറിക്കാനാണ് ശ്രമിച്ചത് ജസ്റ്റിസുമാരായ എസ് ബി സിന്‍ഹയും മുകുന്ദകം ശര്‍മയും അടങ്ങുന്ന ബെഞ്ച് 2009 ജൂലൈ 21 ന് ഹൈക്കോടതി വിധി റദ്ദാക്കി . 1999 ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് എസ് ബി സിന്‍ഹ എഴുതിയ വിധിയില്‍ 2010 ജനുവരിക്കുള്ളില്‍ കൈമാറ്റം ചെയ്യപ്പെട്ട രണ്ട് ഹെക്ടറില്‍ കൂടുതല്‍ ഉള്ള ആദിവാസി ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ച് ആദിവാസികള്‍ ആയ ഉടമസ്ഥര്‍ക്ക് നല്‍കണം എന്ന് നിര്‍ദേശിച്ചു. കൈമാറ്റം ചെയ്യപ്പെട്ട ഭൂമിരണ്ട് ഹെക്ടറില്‍ താഴെയാണെങ്കില്‍ അതിന് പകരം തുല്യമായ ഭൂമി സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കണം എന്നും കോടതി ഉത്തരവിട്ടു .

ഉത്തരവില്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പ് സൗകര്യപൂര്‍വ്വം വിസ്മരിച്ചുവെന്നും ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കും എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു എന്നാല്‍ 2023 ആയിട്ടും സര്‍ക്കാര്‍ അവഗണിക്കുന്നത് നീതിവ്യവസ്ഥയോടുള്ള വെല്ലുവിളിയായിട്ടാണ് കാണുന്നത് . സര്‍ക്കാര്‍ ആദിവാസികളുടെ ഭൂമി വിഷയത്തില്‍ തീരുമാനമെടുക്കാതിരുന്നാല്‍ സമരം തുടരുകയും കോടതിയലക്ഷ്യത്തിന് ബഹുമാനപ്പെട്ട സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഇതിന്റെ ഭാഗമായി നവ ഒന്നിന് കേരള പിറവി ദിനത്തില്‍ ഭൂസമര കണ്‍വെന്‍ഷനും നടത്താന്‍ തീരുമാനിച്ചിരിക്കയാണെന്നും ആദിവാസി ഭൂസമര സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.ആദിവാസി ഭൂസമര സഹായ സമിതി ചെയര്‍മാന്‍ കൃഷ്ണന്‍എരഞ്ഞിക്കല്‍, വൈസ് ചെയര്‍മാന്‍ കൃഷ്ണന്‍ കുനിയില്‍, കണ്‍വീനര്‍ ഗിരിദാസ് പെരുവമ്പാടം, വിജയന്‍ ഇടിവണ്ണ, രാജു പാലേമാട്, മണിയന്‍ പെരുവമ്പാടം,ജോയിന്റ് കണ്‍വീനര്‍ നഹാസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക