സിനിമയെടുക്കുന്നവര്‍ക്ക് ട്രെയ്‌നിങ് നല്‍കണമെന്ന അഭിപ്രായത്തിലുറച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. അറിവുകേടുകൊണ്ടാണ് എന്നെ വിമര്‍ശിക്കുന്നത്. സിനിമയെടുക്കുന്നവര്‍ക്ക് പരിശീലനം അനിവാര്യമാണ്. പറഞ്ഞത് അവരുടെ ഉന്നമനത്തിനായാണെന്നും അടൂര്‍ പറഞ്ഞു.
|
എസ്.സി, എസ്ടി വിഭാഗങ്ങള്‍ക്ക് സിനിമയെടുക്കാന്‍ സഹായം നല്‍കുമ്പോള്‍ അവര്‍ക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെയെങ്കിലും പരിശീലനം നല്‍കണമെന്നായിരുന്നു അടൂരിന്റെ പ്രസ്താവന. ഇത് ജാതി ചിന്തയാണെന്നായിരുന്നു വിമര്‍ശനം.
ഒന്നരക്കോടി മൂന്നുപേര്‍ക്കായി നല്‍കണമെന്നാണ് പറഞ്ഞതെന്ന് അടൂര്‍ പറഞ്ഞു. പോസിറ്റീവായി പറഞ്ഞ കാര്യമാണ് വളച്ചൊടിച്ചത്. മന്ത്രിയുടെ പ്രതികരണം സിനിമാ വിദഗ്ധന്‍ അല്ലാത്തതിനാനാണ്. ചാലയിലെ തൊഴിലാളികള്‍ക്ക് എതിരായ പരാമര്‍ശം തിരുത്തില്ല. ആളുകള്‍ പറഞ്ഞതുകേട്ടാണ് ഞാന്‍ പറഞ്ഞത്. പ്രതിഷേധിച്ചത് സിനിമയുമായി ബന്ധമില്ലാത്തയാള്‍. പത്രത്തിലും ടിവിയിലും ഇപ്പോള്‍ പടം വന്നില്ലേയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍.
അതേസമയം, അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. പൊതുപ്രവര്‍ത്തകന്‍ ദിനു വെയില്‍ ആണ് പരാതി നല്‍കിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും, സ്ത്രീകള്‍ ആയതുകൊണ്ട് മാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നുമായിരുന്നു അടൂര്‍ നടത്തിയ പരാമര്‍ശം.
അതേസമയം, അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ മന്ത്രിമാര്‍ക്കിടയില്‍ വിയോജിപ്പ്. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അത് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു. ക്യാമറയുടേത് എന്നും പുരുഷനോട്ടമാണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ അടൂരിന്റെ പരാമര്‍ശത്തില്‍ ദുരുദ്ദേശ്യമില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍ പ്രതികരിച്ചു. അടൂരിന്റെ പരാമര്‍ശം വളച്ചൊടിച്ച് വിവാദമാക്കിയെന്നും മന്ത്രി പറഞ്ഞു.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ കെ. മുരളീധരന്‍ രംഗത്തെത്തി. അടൂരിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്നും ഒരു വിഭാഗത്തിന് മാത്രം ട്രെയിനിംഗ് പറയുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.
അടൂരിനെപ്പോലൊരാള്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞുെവന്ന് കെ.രാധാകൃഷ്ണന്‍ എംപിയും പ്രതികരിച്ചു. അടൂരിന്റെ വാക്കുകള്‍ സ്ത്രീകളും ദലിതരും ഉയര്‍ന്നുവരുന്നത് നിരുല്‍സാഹപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


