എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊന്നതിനു പ്രതികാരമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്ക് ഇന്ന് ശിക്ഷവിധിക്കും. മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക. 15 പ്രതികളാണ് കേസിലുള്ളത്.
|
2021 ഡിസംബര്‍ 18ന് വൈകീട്ടാണ് സ്‌കൂട്ടറില്‍ പോവുകയായിരുന്ന കെ എസ് ഷാനെ കാറിടിച്ചുവീഴ്ത്തിയ ശേഷം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. ഇതിനു തിരിച്ചടിയായി 19ന് പുലര്‍ച്ചെയാണ് രഞ്ജിത്ത് ശ്രീനിവാസനെ ബൈക്കുകളിലെത്തിയ സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്.
കെ എസ് ഷാനെ വധിച്ച കേസില്‍ പ്രോസിക്യൂട്ടറെ പോലും നിയമിക്കാത്ത നടപടി ഷാന്റെ പിതാവ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് പ്രോസിക്യൂട്ടറെ നിയമിച്ചത്. ഷാന്‍ വധക്കേസിലെ പ്രതികളെല്ലാവരും ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇതിനു ശേഷം നടന്ന കൊലപാതകക്കേസില്‍ നടപടികള്‍ അതിവേഗം മുന്നോട്ടുപോവുന്ന കാര്യവും കെ എസ് ഷാന്റെ പിതാവ് സലിം ചൂണ്ടിക്കാട്ടിയിരുന്നു.


