പത്തനംതിട്ട: ഭർത്താവിനെ ഭാര്യ കൊന്നുകുഴിച്ചുമൂടിയെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടുവെന്ന പറഞ്ഞയാളെ ജീവനോടെ കണ്ടെത്തിയ ട്വിസ്റ്റ് കേരളത്തിലുണ്ടായത് കഴിഞ്ഞദിവസമാണ്. ഭർത്താവായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയ കുറ്റത്തിന് പിടിയിലായ ഭാര്യ അഫ്സാന ഇപ്പോൾ പൊലീസ് മർദ്ദനമാരോപിച്ച് രംഗത്തെത്തി. വ്യാജമൊഴി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് യുവതി പൊലീസിനെതിരേ ആരോപണമുന്നയിച്ചത്.
|
കൂടലിൽ നിന്ന് കാണാതായ നൗഷാദിനെ താൻ കൊന്നെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചെന്നും ഇതിനുവേണ്ടി ക്രൂരമായി മർദിച്ചെന്നും അഫ്സാന ആരോപിച്ചു. കസ്റ്റഡിയിലിരിക്കെ വനിതാ പൊലീസ് ഉൾപ്പെടെ മർദിച്ചെന്നും ശരീരത്തിൽ പലതവണ പെപ്പർ സ്പ്രേ അടിച്ചെന്നും അഫ്സാന ആരോപിച്ചു. മർദ്ദനം സഹിക്കാനാവാതെ വന്നപ്പോഴാണ് ഭർത്താവിനെ കൊന്നെന്ന് സമ്മതിച്ചത്. നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നും മദ്യപാനിയായ അയാൾ തന്നെയും മക്കളെയും സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നും അഫ്സാന ആരോപിച്ചു.
കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെ കാണാതായെന്ന പിതാവിന്റെ പരാതിയിലാണ് പൊലീസ് അഫ്സാനയെ കസ്റ്റഡിയിലെടുത്തത്. 2021 നവംബറിലായിരുന്നു നൗഷാദിനെ കാണാതായത്. നൗഷാദിൻറെ മൃതദേഹം തേടി വ്യാഴാഴ്ച പൊലീസ് ഇവർ താമസിച്ചിരുന്ന അടൂർ പരുത്തിപ്പാറയിലെ വാടക വീടിന്റെ പരിസരങ്ങളിലും കുഴിച്ചുപരിശോധന നടത്തിയിരുന്നു.
ഇതിനിടെയാണ് തൊടുപുഴയ്ക്കു സമീപം കൂലിപ്പണി ചെയ്തുവന്നിരുന്ന നൗഷാദിനെ വെള്ളിയാഴ്ച കണ്ടെത്തിയത്. നൗഷാദിനെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ശേഷം കൂടൽ പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയയച്ചിരുന്നു. ഭാര്യയും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദ്ദിച്ചെന്നും ബോധരഹിതനായതോടെ മരിച്ചെന്നു കരുതി അവർ പോയെന്നും പിറ്റേദിവസം താൻ നാടുവിടുകയായിരുന്നുവെന്നുമാണ് നൗഷാദ് പൊലീസിന് മൊഴി നൽകിയിരുന്നത്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





