ന്യൂഡൽഹി: പുൽവാമയിലുണ്ടായ 40 ഓളംസൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചെന്ന ജമ്മുകശ്മീർ മുൻ ഗവർണറും ബി.ജെ.പി നേതാവുമയിരുന്ന സത്യപാൽ മാലികിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി വീരമൃത്യുവരിച്ച സൈനികരുടെ ബന്ധുക്കൾ. സംഭവത്തെ കുറിച്ചുയർന്ന ആരോപണങ്ങളിലെല്ലാം സത്യംപുറത്തുവരണമെന്ന് ജവാൻമാരുടെ കുടുംബം പറഞ്ഞു.
|
സംഭവം നടന്നിട്ട് നാലുവർഷമായി. ഇതിനിടെ ആക്രമണം സംബന്ധിച്ച് നിരവധി കാര്യങ്ങളാണ് പുറത്തുവന്നത്. അതിൽ കൂടുതലും സുരക്ഷാ വീഴ്ചയുണ്ടായി എന്നതാണ്. എന്നാൽ കൃത്യമായ ഒന്നും പുറത്തുവന്നിട്ടുമില്ല. വിഷയത്തിൽ കേന്ദ്രസർക്കാർ കൂടുതൽ വ്യക്തതവരുത്തേണ്ടതുണ്ട്- പുൽവാമയിൽ മരിച്ച സുധിപിന്റെ ബന്ധു പറഞ്ഞു.
മറ്റൊരു സൈനികൻ ഭഗീരഥിന്റെ പിതാവ് പരശുരാം, ഒന്നുകൂടി രൂക്ഷമായാണ് വിഷയത്തിൽ പ്രതികരിച്ചത്. അധികാരത്തിലുള്ളവർക്ക് (നരേന്ദ്രമോദി) കസേര ഉറപ്പിക്കാനാണ് ഇതെല്ലാം എന്ന് എനിക്കുറപ്പുണ്ടെന്ന് പരശുരാം പറഞ്ഞു. 200 കിലോയിലധികം സ്ഫോടകവസ്തുക്കൾ നിറച്ച് പുൽവാമപോലുള്ള ഒരു പ്രദേശത്ത് ദിവസങ്ങളോളം ഒരുവാഹനത്തിന് എങ്ങിനെ കറങ്ങാൻ കഴിയും? ആ സമയത്തെല്ലാം എവിടെയായിരുന്നു പ്രധാനമന്ത്രി? അദ്ദേഹം ഉറങ്ങുകയായിരുന്നോ?- പരശുരാം ചോദിച്ചു.
ഞങ്ങൾക്ക് കുടുംബത്തിലെ ഒരാൾ നഷ്ടമായെന്നും ഇനി ഈ വിഷയത്തിൽ എന്ത് സംഭവിച്ചാലും പോയ ആളെ തിരിച്ചുകിട്ടില്ലെന്നും ജവാൻ രോഹിതഷിന്റെ സഹോദരൻ ജിതേന്ദ്ര പറഞ്ഞു. ആരെയും ഭയക്കാത്തയാളാണ് സത്യപാൽ മാലികെന്നും അദ്ദേഹം എന്ത് പറഞ്ഞാലും അത് ശരിയാവാനാണ് സാധ്യതയെന്നും ജിതേന്ദ്ര പറഞ്ഞു.
സത്യപാൽ മാലികിന്റെ വെളിപ്പെടുത്തലിൽ കേന്ദ്രസർക്കാരും ബിജെപിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘ദ വയർ’ എന്ന ഓൺലൈൻ പോർട്ടലിൽ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് മുൻ ഗവർണറുടെ സുപ്രധാനമായ ഈ വെളിപ്പെടുത്തൽ. 2019 ലാണ് സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ട്രക്കുകൾക്കു നേരേ ബോംബാക്രമണം ഉണ്ടായത്. 40 ജവാൻമാരാണ് അന്ന് കൊല്ലപ്പെട്ടത്. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണ് എന്നായിരുന്നു സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായിരുന്നു ആക്രമണം. ഇത് പിന്നീട് പാകിസ്താനുമായുള്ള യുദ്ധത്തിന്റെ വക്കിലുമെത്തി. സൈന്യത്തിനെതിരെ ഉണ്ടായ ആക്രമണം മുഖ്യ പ്രചാരണായുധമായ ആ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു.





