25
May 2023
Wed
25 May 2023 Wed

കുടുംബസമേതം സൗദി സന്ദര്‍ശനം നടത്തിയ ലയണല്‍ മെസ്സിയെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത പിഎസ്ജിയുമായി അര്‍ജന്റീനിയന്‍ നായകന്‍ കരാര്‍ പുതുക്കില്ല. ക്ലബ്ബിന്റെ അനുമതി വാങ്ങാതെ സൗദി സന്ദര്‍ശിച്ചതിനാണ് പിഎസ്ജി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും പരിശീലനവും വേതനവും സസ്‌പെന്‍ഷന്‍ കാലത്ത് നല്‍കുകയില്ലെന്നും അറിയിച്ചത്. ഇതിനു പിന്നാലെയാണ് പിഎസ്ജിയുമായുള്ള കരാര്‍ നീട്ടുകയില്ലെന്ന തീരുമാനം പുറത്തുവന്നത്. സ്‌പോര്‍ട്‌സ് റിപോര്‍ട്ടര്‍ ഫാബ്രിസിയോ റോമാനോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ സീസണു ശേഷം മെസ്സി പിഎസ്ജി വിടും. ക്ലബ് വിടുന്ന തീരുമാനം മെസ്സിയുടെ പിതാവ് ജോര്‍ജ് ഒരു മാസം മുമ്പ് പിഎസ്ജിയെ അറിയിച്ചുവെന്നും റോമാനോ പറയുന്നു.

2021ലാണ് മെസ്സി ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ന്നസറിലെത്തിയതിനു പിന്നാലെ മറ്റൊരു ക്ലബ്ബായ അല്‍ ഹിലാല്‍ മെസ്സിയെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. മെസ്സിയുടെ പിതാവ് സൗദിയിലെത്തി ക്ലബ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്ന റിപോര്‍ട്ടുകളും ഇതിനിടെ ഉണ്ടായിരുന്നു. ഇതിനു കരുത്തുപകരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മെസ്സിയും സൗദിയിലെത്തിയാല്‍ പശ്ചിമേഷ്യയിലെ ഫുട്‌ബോള്‍ വസന്തത്തിനാവും അതു വഴിവയ്ക്കുക. ഫിഫ ലോകകപ്പിന് ഖത്തര്‍ വേദിയായതും അതിന്റെ വന്‍ വിജയവും മേഖലയെ ഫുട്‌ബോള്‍ ആവേശത്തിലേക്ക് എത്തിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പോര്‍ച്ചുഗല്‍ നായകന്‍ റെക്കോഡ് തുകയ്ക്ക് അല്‍ന്നസറിലെത്തിയത്.