23
Dec 2024
Sun
23 Dec 2024 Sun

കോഴിക്കോട്: സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്നും വിജയരാഘവന്‍ വോട്ടര്‍മാരെ തള്ളിപ്പറഞ്ഞുവെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് സെക്രട്ടറി കെ.എം ഷാജിക്ക് പിന്നാലെയാണ് വിജയരാഘവനെതിരെ കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍നിന്ന് രാഹുല്‍ ഗാന്ധി വിജയിച്ചത് മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ പ്രസ്താവന ക്രൂരമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വോട്ട് ചോരുന്നു എന്ന ആധി സി.പി.എമ്മിനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സി.പി.എമ്മിന്റെ അടിത്തറ ഇളക്കും. സി.പി.എം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ല. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിന്ദാബാദ് വിളിക്കുകയും കേരളത്തില്‍ വന്ന് കോണ്‍ഗ്രസ്സിനെ കുറ്റം പറയുകയും ചെയ്യുന്ന രീതിയാണ് സി.പി.എം പിന്തുടരുന്നത്.

സി.പി.എം വര്‍ഗീയത പച്ചയ്ക്കാണ് പറയുന്നതെന്നും ഇത് കേരളമാണ് എന്ന് ഓര്‍ക്കണമെന്നും വര്‍ഗീയത പറഞ്ഞാല്‍ നെഗറ്റീവ് ഇഫക്ടാണ് കേരളത്തില്‍ ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ യുഡിഎഫിന് അനുകൂലമായ തരംഗം രൂപപ്പെട്ടിട്ടുണ്ട്. അടുത്തത് യുഡിഎഫ് ആണ് എന്ന ചിന്ത എല്ലാവരിലുമുണ്ട്. അപ്പോള്‍ എല്ലാവരും അതിനനുസരിച്ച് വരും. സമയമാകുമ്പോള്‍ നേതാവിനെ നിശ്ചയിച്ച് യു.ഡി.എഫ് മുന്നോട്ടുപോകും. അതില്‍ ആരും വിഷമിക്കേണ്ടതില്ല. ചര്‍ച്ചകള്‍ സര്‍വ്വസാധാരണമാണ്. യുഡിഎഫിന്റെ വിജയം ഉറപ്പായി വരുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അഭിപ്രായം പറയേണ്ടിടത്ത് പറയേണ്ട സമയത്ത് ലീഗ് അതു പറയും. ലീഗ് അഭിപ്രായം പറഞ്ഞാല്‍ പറഞ്ഞതുതന്നെയാണ്. പാര്‍ട്ടിയുടെ അഭിപ്രായത്തിന് ഇംപാക്ട് ഉണ്ടാകും. ഭാവിയില്‍ ആരാണ് നേതാവ് എന്ന ചര്‍ച്ച നടത്തുന്നത് യുഡിഎഫില്‍ പതിവാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിനെ പോലും നാണിപ്പിക്കുന്ന വര്‍ഗീയത വിളമ്പുന്ന സി.പി.എം പി.ബി അംഗം എ. വിജയരാഘവന്‍ വര്‍ഗീയ രാഘവനെന്ന് എന്നാണ് കെ.എം ഷാജി പറഞ്ഞത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരേയാണ് ഷാജി ആഞ്ഞടിച്ചത്. വാ തുറന്നാല്‍ വര്‍ഗീയത അല്ലാതെ ഒന്നും പറയാന്‍ അറിയില്ല. ആര്‍.എസ്.എസ് പോലും പറയാന്‍ മടിക്കാത്ത വര്‍ഗീയതയാണ് വിജയരാഘവന്‍ പറയുന്നത്. മുസ്‌ലിം ലീഗ് ആണ് അവര്‍ക്ക് പ്രശ്‌നം. ലീഗിനെ എങ്ങനെ നന്നാക്കി എടുക്കാമെന്ന ചിന്തയിലാണ് പിണറായി വിജയനും കൂട്ടരും.

‘ലീഗും മുസ്‌ലിംകളും മാത്രം നന്നായാല്‍ മതിയോ. ഈ നാടിന്റെ മണ്ണിന് ഒരു ചരിത്രമുണ്ട്. മുസ്‌ലിംകളും ഹിന്ദുക്കളും അടക്കമുള്ള മനുഷ്യര്‍ എത്ര സ്‌നേഹത്തോടെ ഒരുമിച്ച് കഴിയുന്ന നാടാണ് കേരളം. വര്‍ഗീയത ഉണ്ടാക്കിയാല്‍ നിങ്ങള്‍ക്ക് നാളെ പത്ത് വോട്ട് കിട്ടാം. അതിന് ശേഷവും ഇവിടെ നാട് നില്‍ക്കേണ്ടേ. വിജയരാഘവന്‍ അടക്കമുള്ളവര്‍ നടത്തുന്ന വര്‍ഗീയ കളിക്കെതിരെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടി നല്‍കും’. കെ.എം ഷാജി വ്യക്തമാക്കി.

വയനാട്ടില്‍ 175ലധികം ബൂത്തുകളില്‍ രണ്ടാം സ്ഥാനത്ത് ആര്‍.എസ്.എസ് ആണ്. ലീഗിനെ മര്യാദ പഠിപ്പിക്കാന്‍ വരുന്നതിനിടയില്‍ സി.പി.എം അനുയായികള്‍ ആര്‍.എസ്.എസിലേക്ക് പോവുന്നത് വിജയരാഘവനെ പോലുള്ളവര്‍ കാണുന്നില്ല.

സദ്ദാമിന്റെ പേര് പറഞ്ഞാല്‍ മുസ്‌ലിം വോട്ട് കിട്ടില്ലെന്ന് ഇപ്പോള്‍ സി.പി.എമ്മിന് മനസിലായി. ഹിന്ദു വോട്ട് കേന്ദ്രീകരിച്ച് പുതിയ വര്‍ഗീയത കളിക്കാന്‍ പി മോഹനനെ പോലുള്ള സിപിഎം നേതാക്കള്‍ ശ്രമിക്കുകയാണ്. കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്‍.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന് നല്ലത്’. – കെ.എം ഷാജി ചൂണ്ടിക്കാട്ടി.

After Shaji, Kunhalikutty also opposes Vijayaraghavan