17
Apr 2023
Fri
17 Apr 2023 Fri

ഗ്വാളിയോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത വന്ദേഭാരത് ട്രെയിൻ വീണ്ടും പശുവിനെ ഇടിച്ച് തകർന്നു. വ്യാഴാഴ്ച വൈകിട്ട് മധ്യപ്രദേശിലെ ഗ്വാളിയോർ സ്റ്റേഷന് സമീപമാണ് സംഭവം. പശുവിനെ ഇടിച്ച് ട്രെയിനിന്‍റെ മുൻഭാഗമാണ് തകർന്നതെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈകിട്ട് 6.15ഓടെ റാണി കമലാപതിയിലേക്ക് പോകുന്ന ട്രെയിൻ ആണ് പശുവിനെ ഇടിച്ചത്. തുടർന്ന് ഏകദേശം 15 മിനിറ്റോളം ട്രെയിൻ സ്ഥലത്ത് നിർത്തിയിട്ടു. ഗ്വാളിയോർ ജില്ലയിലെ ദബ്രയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. പാളത്തിൽ പശു പെട്ടെന്ന് കയറിയതാണ് അപകടത്തിനു കാരണമായത്.

തുടർന്ന് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിക്കുകയും ചെയ്തു. റാണി കമലാപതിക്കും (ഭോപ്പാൽ) ഹസ്രത്ത് നിസാമുദ്ദീനും (ഡൽഹി) ഇടയിലുള്ള സെമി ഹൈസ്പീഡ് ട്രെയിൻ ഏപ്രിൽ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്.

നേരത്തെയും വന്ദേഭാരതില്‍ പശു ഇടിച്ച് അപകടമുണ്ടാവുകയും മുൻഭാ​ഗം തകരുകയും ചെയ്തിട്ടുണ്ട്. ഈ മാസം 21നായിരുന്നു ഇത്. വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്ത് വീണ് മുന്‍ റെയില്‍വെ ജീവനക്കാരന്‍ മരിക്കുകയും ചെയ്തു. കന്നുകാലികള്‍ വന്ദേഭാരതില്‍ ഇടിച്ച സംഭവങ്ങള്‍ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മുംബൈ-ഗുജറാത്ത് സ്‌ട്രെച്ചിൽ നിന്നാണ്.

മണിക്കൂറിൽ 130-160 കിലോമീറ്റർ വേഗതയിൽ ഓടുന്ന സെമി- ഹൈ സ്പീഡ് ട്രെയിനുകളാണ് വന്ദേഭാരത്. അതേസമയം, പാളത്തിലേക്ക് മൃഗങ്ങൾ കയറുന്നത് തടയുന്നതിനും അപകടങ്ങൾ ഒഴിവാക്കാനുമായി 620 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ട്രങ്ക് റൂട്ടിൽ മെറ്റൽ ഫെൻസിങ് സ്ഥാപിക്കാൻ പശ്ചിമ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക