ദുബൈ: പ്രവാസി മലയാളികള്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച എയര്‍ കേരളയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി ഹരീഷ് കുട്ടിയെ നിയമിച്ചു. (Air Kerala: Harish Kuti has been appointed as the Chief Executive Officer of Air Kerala) സെറ്റ് ഫ്‌ളൈ എവിയേഷന്‍ വക്താക്കള്‍ ദുബയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തലാണ് ഇക്കാര്യം അറിയിച്ചത്.
|
നേരെത്തെ സ്‌പൈസ് ജെറ്റില്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായും വതാനിയ എയര്‍വേയ്സില്‍ കൊമേഴ്സ്യല്‍ ഡയറക്ടറായും റാക് എയര്‍വേയ്സില്‍ കൊമേഴ്സ്യല്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സലാം എയറില്‍ റവന്യൂ & നെറ്റ്വര്‍ക്ക് പ്ലാനിങ് ഡയറക്റ്ററായി സേവനമനുഷ്ഠിച്ച ഹരീഷ് കുട്ടി, കോവിഡ് പ്രതിസന്ധി കാലത്തും എയര്‍ലൈനിന്റെ ലാഭം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. എയര്‍ അറേബ്യ, വതാനിയ എയര്‍വേയ്സ് എന്നിവയുടെ സ്റ്റാര്‍ട്ടപ്പ് ടീമുകളില്‍ നിര്‍ണായക പങ്കാളിയായിരുന്നു.

ഹരീഷ് കുട്ടിയുടെ നിയമനം എയര്‍ കേരളയുടെ വളര്‍ച്ചയ്ക്കും അതുവഴി ഇന്ത്യയിലെ മുന്‍നിര വിമാന കമ്പനിയാക്കി മാറ്റാനും വഴിയൊരുക്കുമെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യപാദത്തില്‍ മൂന്ന് വിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര സര്‍വീസ് ആരംഭിക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് രാജ്യാന്തര സര്‍വീസും ആരംഭിക്കും.
ഈ വലിയ ഉത്തരവാദിത്തം തികഞ്ഞ ആത്മവിശ്വാസത്തോടെ സ്വീകരിക്കുന്നതായി ഹരീഷ് കുട്ടി പറഞ്ഞു. വരും നാളുകളില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിമാന കമ്പനിയാക്കി എയര്‍ കേരളയെ മാറ്റുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. സെറ്റ്ഫ്‌ളൈ ഏവിയേഷന്‍ ചെയര്‍മാന്‍ അഫി അഹ്‌മദ് , വൈസ് ചെയര്‍മാന്‍ അയൂബ് കല്ലട ,കമ്പനി വക്താവ് സഫീര്‍ മഹമൂദ് എന്നിവരും പങ്കെടുത്തു.


