21
Mar 2024
Sun
21 Mar 2024 Sun
akash air

ദുബൈ: കുറഞ്ഞ നിരക്കില്‍ സേവനം വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ വിമാന കമ്പനി ആകാശ് എയറിന് കൂടുതല്‍ ഗള്‍ഫ് റൂട്ടുകളിലേക്ക് അനുമതി. സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങള്‍ക്കു പുറമേ കുവൈത്തിലേക്കും പറക്കാന്‍ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു. അടുത്തയാഴ്ച മുതല്‍ ദോഹയിലേക്ക് സര്‍വീസ് ആരംഭിക്കും. കൂടുതല്‍ ഗള്‍ഫ് റൂട്ടുകളില്‍ അനുമതി നേടാനുള്ള ശ്രമത്തിലാണെന്ന് ആകാശ എയറിന്റെ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു. (Akash air first international flight from march 28 )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേഖലയിലെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് അവകാശം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് 19 മാസം എന്ന റെക്കോഡ് സമയത്തിനുള്ളില്‍ അന്താരാഷ്ട്ര സര്‍വീസ് അനുമതി ലഭിച്ച സ്വകാര്യ വിമാന കമ്പനിയാണ് ആകാശ എയര്‍.

ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് പറക്കാനുള്ള അവകാശം ലഭിക്കുന്നത് വൈകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഉഭയകക്ഷി പറക്കല്‍ അവകാശങ്ങളുടെ പരിമിതിയാണ് ഇതിന് കാരണം. എന്നാല്‍ അബൂദബി ഉള്‍പ്പെടെയുള്ള യുഎഇയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വൈകാത സര്‍വീസ് നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് മാര്‍ച്ച് 28ന് തുടങ്ങും. മുംബൈയില്‍ നിന്ന് ദോഹയിലേക്കാണ്. ആദ്യ സര്‍വീസ്. ശനി, ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് 5.45ന് പുറപ്പെട്ട് ഖത്തര്‍ സമയം 7.40ന് ദോഹയിലെത്തും. ഖത്തറില്‍ നിന്ന് രാത്രി 8.40ന് ആണ് മടക്കം. പുലര്‍ച്ചെ 2.45ന് ഇന്ത്യയിലെത്തും.