09
Oct 2023
Sat
09 Oct 2023 Sat

നിയമന തട്ടിപ്പിലെ രണ്ടാംപ്രതി യുവമോര്‍ച്ച നേതാവ് രാജേഷ് ഒളിവില്‍; ഫോണ്‍ സ്വിച്ച് ഓഫ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: കേന്ദ്ര സ്‌പൈസസ് ബോര്‍ഡിലെ നിയമന തട്ടിപ്പിലെ രണ്ടാംപ്രതിയായ ബിജെപി, യുവമോര്‍ച്ച നേതാവ് രാജേഷ് ഒളിവില്‍. ആരോഗ്യ വകുപ്പിലെ നിയമനത്തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശി അഖില്‍ സജീവിന്റെ കൂട്ടാളിയായ യുവമോര്‍ച്ച നേതാവ് രാജേഷ് റാന്നി സ്വദേശിയാണ്. രാജേഷ് മറ്റൊരു തട്ടിപ്പ് കേസിലും പ്രതിയാണ്. സ്‌പൈസസ് ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 4.3 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. അഖില്‍ സജീവ് ഒന്നാം പ്രതിയായ കേസില്‍ രണ്ടാം പ്രതിയാണ് യുവമോര്‍ച്ച റാന്നി മണ്ഡലം ഭാരവാഹിയായ രാജേഷ്. നിലവില്‍ രാജേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

ക്ലാര്‍ക്ക് ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലതവണകളായി 4,39,340 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ഒക്ടോബര്‍ ഒന്നിനാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. മീന്‍ വില്പനയുമായ ബന്ധപ്പെട്ട ബിസിനസില്‍ പങ്കാളികളായിരുന്നു അഖിലും രാജേഷും. ഈ സൗഹൃദമാണ് പിന്നീട് തട്ടിപ്പിനു ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് പണം തട്ടിയത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ട്രസ്റ്റ് ഓഫ് എജ്യൂക്കേഷനാണ് നിയമനം നടത്തുന്നതെന്ന് വിശ്വസിപ്പിച്ചും ട്രസ്റ്റിന്റെ പേരില്‍ വ്യാജ മെയില്‍ ഐ.ഡിയും അപ്പോയിന്റ്‌മെന്റ് ലെറ്ററും നിയമന ഉത്തരവുണ്ടാക്കി വഞ്ചിച്ചുവെന്നുമാണ് പരാതിയിലുള്ളത്.

നിയമനത്തട്ടിപ്പ് നടത്തിയത് കോഴിക്കോട്ടെ നാലംഗ സംഘമെന്നാണ് അഖില്‍ സജീവിന്റെ മൊഴി. തിരുവനന്തപുരത്തെ ആള്‍മാറാട്ടത്തിന് പിന്നിലും ഇതേ സംഘമെന്നാണ് അഖില്‍ നല്‍കി മൊഴി. തിരുവന്തപുരം കന്റോണ്‍മെന്റ് പൊലീസും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും വെള്ളി രാത്രിയും അഖിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരം വെളിച്ചത്തായത്. എഐവൈഎഫ് നേതാവായിരുന്ന അഡ്വ.ബാസിത്, അഡ്വ. റഹീസ്, അഡ്വ. ലെനിന്‍ രാജ്, അനുരൂപ് എന്നിവരാണ് കോഴിക്കോട്ടെ നാലംഗ സംഘമെന്നും അഖില്‍ പറഞ്ഞു.

സംസ്ഥാന വ്യാപകമായി ഇവര്‍ തട്ടിപ്പ് നടത്തി. സ്‌പൈസസ് ബോര്‍ഡിലെ നിയമനത്തിന് പണം അഖില്‍ സജീവ് നല്‍കിയത് യുവമോര്‍ച്ച നേതാവ് രാജേഷിന്റെ അക്കൗണ്ടിലേക്കാണ്. അഖില്‍ സജീവിനെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക