ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ പ്രിന്‍സിപ്പാള്‍ ഡോ. മറിയം വര്‍ക്കി.(Alappuzha Kalarkode road accident; Medical student death) മരിച്ച അഞ്ചു പേരും മിടുക്കരായ വിദ്യാര്‍ഥികളായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
|
”ഒന്നാം വര്‍ഷം വിദ്യാര്‍ഥികളോട് കോളജില്‍ ജോയിന്‍ ചെയ്യാന്‍ വന്ന സമയത്തും തുടര്‍ന്നും പലപ്പോഴായി സംസാരിച്ചിട്ടുണ്ടു. ലക്ഷദ്വീപ് സ്വദേശിയായ ഇബ്രാഹിമിന്റെ പിതാവ് എപ്പോഴും വിളിക്കുമായിരുന്നു. രക്ഷിതാക്കളുടെ ഒരുപാട് പ്രതീക്ഷകളാണ് ഒറ്റയടിക്ക് ഇല്ലാതായത്”- പ്രിന്‍സിപ്പാള്‍ പറഞ്ഞു. പരിക്കേറ്റ നാലുപേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ തുടരുകയാണെന്നും അവര്‍ അറിയിച്ചു.
പുറത്തെടുക്കുമ്പോള്‍ തന്നെ അനക്കമുണ്ടായിരുന്നില്ല
കൂട്ടിയിടിയുടെ ഉഗ്രശബ്ദം കേട്ടെത്തിയ നാട്ടുകാര് കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മനുഷ്യശരീരങ്ങളാണ്. കണ്ടുനില്‍ക്കാനാകാത്ത കാഴ്ചയാണ് കളര്‍കോടുണ്ടായതെന്ന് പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. കാറില്‍ നിന്ന് പുറക്കെടുമ്പോള്‍ ചിലര്‍ക്ക് അനക്കമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാത്രി ഏതാണ്ട് ഒമ്പത് മണി കഴിഞ്ഞിട്ടുണ്ട്. ശബ്ദം കേട്ടാണ് ഓടിയെത്തുന്നത്. കാറും ബസും ജാമായി കിടക്കുകയായിരുന്നു. അകത്തുനിന്ന് ആളെ എടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. മൂന്ന് പേരെ നാട്ടുകാരൊക്കെ ചേര്‍ന്ന് പുറത്തെടുത്തു. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഞ്ച് പേര് മരിച്ചിട്ടുണ്ട്. കാറില്‍ നിന്ന് ഇറക്കുന്ന സമയത്ത് തന്നെ മൂന്ന് പേര്‍ക്ക് അനക്കമുണ്ടായിരുന്നില്ല. ഡ്രൈവര്‍ക്ക് മാത്രമാണ് ബോധമുണ്ടായത്. ബാക്കിയെല്ലാവരും അബോധാവസ്ഥയിലായിരുന്നു. കണ്ടുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു,’ അപകടസ്ഥലത്തെത്തിയ പ്രദേശവാസികളിലൊരാള്‍ പറഞ്ഞു.
ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടം. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. വണ്ടാനത്ത് നിന്ന് സിനിമക്ക് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍.
ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് ശേഖരപുരം സ്വദേശി ശ്രീദേവ് വത്സന്‍, കണ്ണൂര്‍ മാടായി സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവാനന്ദന്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.
ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് പോവുകയിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്കാണ് കാര്‍ വന്നിടിച്ചത്. മറ്റൊരു വാഹനത്തില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ ടവേര കാര്‍ ബ്രേക്കിട്ടപ്പോള്‍ സ്‌കിഡ് ചെയ്ത് ബസ്സിന്റെ മുന്നിലേക്ക് നീങ്ങുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നതും അപകടത്തിന് കാരണമായി. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. യാത്രക്കാര്‍ മുന്നിലെ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചുവീണു.
കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്‍വിന്‍ ജോര്‍ജ്, ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്‌സിന്‍ മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഇന്ന് ഉച്ചയ്ക്ക് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കൈമാറും. ഇന്‍ക്വസ്റ്റ് നടപടികള്‍ പുലര്‍ച്ചയോടെ പൂര്‍ത്തിയായി.
ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്റെ ഉടമസ്ഥതയിലുള്ള ടവേര കാര്‍ വാടകയ്‌ക്കെടുത്തായിരുന്നു യാത്ര. കനത്ത മഴയില്‍ കാഴ്ച അവ്യക്തമായതും റോഡില്‍ വാഹനം തെന്നിയതുമാകാം അപകടത്തിനു കാരണമെന്നു കരുതുന്നതായി ആര്‍ടിഒ എ.കെ.ദിലു പറഞ്ഞു.


