ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ഞായറാഴ്ച രാവിലെ തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്ന് യുവാക്കളെ കണ്ടെത്താനായില്ല. കൃത്യത്തിനുപയോഗിച്ച ചുവപ്പ് ഇന്നോവ കാര്‍ തിരുവനനന്തപുരം ജില്ലയിലെ കണിയാപുരം വാടകയില്‍മുക്കില്‍ കായല്‍തീരത്തോടു ചേര്‍ന്ന പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ആരെയാണ് തട്ടിക്കൊണ്ടുപോയത് എന്നുള്ള വിവരം പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഉപേക്ഷിച്ച വാഹനം ആലുവ പൊലീസിന് കൈമാറി.(aluva kidnap case update)
|
തട്ടിക്കൊണ്ടുപോവലിന് ഉപയോഗിച്ച കാര്‍ പത്തനംതിട്ടയില്‍ നിന്ന് വാടകയ്ക്ക് എടുത്തത് ഇവിടുത്തെ എ ആര്‍ ക്യാംപിലെ എഎസ്‌ഐ സുരേഷ് ബാബുവാണെന്ന് കണ്ടെത്തിയ പൊലീസ് ഇദ്ദേഹത്തെ കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഗള്‍ഫില്‍ നിന്നെത്തിയ സുഹൃത്തിന് വേണ്ടിയാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്നാണ് സുരേഷ് ബാബുവിന്റെ മൊഴി.
ഞായറാഴ്ച രാവിലെ 7.10നാണ് നാലംഗസംഘം മൂന്ന് യുവാക്കളെ മര്‍ദിച്ച് ആഡംബരകാറില്‍ കയറ്റി കൊണ്ടുപോയത്. പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോവല്‍ സംഘം കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പുരയിടത്തിന്റെ മതില്‍ ചാടി രക്ഷപെട്ട സംഘത്തിലെ രണ്ടുപേര്‍ പള്ളിനടയിലെത്തി ഓട്ടോയില്‍ പള്ളിത്തുറയില്‍ ഇറങ്ങിയിരുന്നു. യുപിഐ വഴിയാണ് ഇവര്‍ ഓട്ടോക്കൂലി നല്‍കിയത്. ഈ ഓട്ടോ കണ്ടെത്തിയ പൊലീസ് ഡ്രൈവറെ ചോദ്യം ചെയ്യുകയും യുപിഐയുടെ ട്രാന്‍സാക്ഷന്‍ ഐഡിയും ഫോണ്‍ നമ്പറും ശേഖരിക്കുകയും ചെയ്തു. ഇതേ ഫോണ്‍നമ്പറില്‍ നിന്ന് അട്ടക്കുളങ്ങരയില്‍ ജ്യൂസ് കടയില്‍നിന്ന് സംഘം ജ്യൂസ് കുടിച്ചതിന്റെ ബില്ലും പൊലീസ് കണ്ടെത്തി. കൂടാതെ പാപ്പനംകോട്ട് നിന്ന് കാറിന് കാറ്റടിക്കുന്ന എയര്‍ പമ്പ് വാങ്ങിയതായും കണ്ടെത്തി.


