തിരുവനന്തപുരം: ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടും കേരളം അവഗണിച്ചെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. (Amit Shah’s statement that red alert was issued in Wayanad is a lie, said the Chief Minister ) അങ്ങിനെയൊരു ഗൗരവകരമായ മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി മുഖ്യമന്ത്രി സമര്‍ത്ഥിച്ചു.
|
രേഖകള്‍ പരിശോധിച്ചാല്‍ വസ്തുതകള്‍ എല്ലാവര്‍ക്കും മനസ്സിലാക്കാനാവുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
”ദുരന്തമുണ്ടായ പ്രദേശത്ത് ഓറഞ്ച് അലര്‍ട്ടാണ് ഉണ്ടായിരുന്നത്. 115നും 204 മി.മീറ്ററിനും ഇടയില്‍ മഴപെയ്യും എന്നായിരുന്നു കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍, ആദ്യത്തെ 24 മണിക്കൂറില്‍ 200 മി.മീറ്ററും അടുത്ത 24 മണിക്കൂറില്‍ 372 മി.മീറ്ററുമാണ് മഴ പെയ്തത്. 48 മണിക്കൂറില്‍ 572 മി.മീ മഴയാണ് പെയ്തത്.
ദുരന്തം ഉണ്ടാകുന്നതിന് മുമ്പ്, ഒരു തവണ പോലും ആ പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടം ഉണ്ടായ ശേഷം രാവിലെ ആറ് മണിയോട് കൂടിയാണ് റെഡ് അലര്‍ട്ട് നല്‍കുന്നത്.
ജൂലൈ 23 മുതല്‍ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാല്‍ അതില്‍ ഒരുദിവസം പോലും അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലര്‍ട്ട് പോലും നല്‍കിയിട്ടില്ല. 29ന് ഉച്ചയ്ക്ക് 1 മണിക്ക് നല്‍കിയ മുന്നറിയിപ്പ് പോലും വയനാട് ജില്ലയ്ക്ക് ഓറഞ്ച് അലര്‍ട്ട് മാത്രമാണ്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാടില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പിനായി ഒരു സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉച്ചയ്ക്ക് ജൂലൈ 30ന് ഉച്ചയ്ക്ക് 2 മണിക്ക് നല്‍കിയ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് പ്രകാരം വയനാട് ജില്ലയില്‍ പച്ച അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പച്ച എന്നാല്‍, ചെറിയ മണ്ണിടിച്ചില്‍/ഉരുള്‍പൊട്ടല്‍ സാധ്യത എന്നാണര്‍ത്ഥം. എന്നാല്‍, അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്തിരുന്നു.
മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് കേന്ദ്ര ജലകമ്മീഷന്‍. അവരാണ് പ്രളയ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, ജൂലൈ 23 മുതല്‍ 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജല കമ്മീഷന്‍ ഇരുവഴിഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല”
ഇതൊക്കെയാണ് വസ്തുതയെന്നും പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ 9 യൂനിറ്റ് എന്‍ഡിആര്‍എഫ് സംഘത്തെ വേണമെന്ന് കേരളം ആവശ്യപ്പെട്ടതാണ്. അല്ലാതെ കേന്ദ്രം അപകട സാധ്യത കണക്കിലെടുത്ത് അയച്ചതല്ല. വയനാട് ജില്ലയില്‍ ഇതില്‍ ഒരു സംഘത്തെ നേരത്തേ വിന്യസിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉരുള്‍പൊട്ടലിന് മുമ്പ് കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. ഉരുള്‍പൊട്ടല്‍ സാധ്യതയെക്കുറിച്ച് ജൂലൈ 23നാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയതെന്നും അമിത് ഷാ ആരോപിച്ചു. കനത്ത മഴയെ തുടര്‍ന്ന് 9 ദേശീയ ദുരന്തനിവാരണ സേന ടീമുകളെ കേരളത്തിലേക്ക് അയച്ചുവെന്നും അമിത് ഷാ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന ടീമുകളുടെ വരവോടെ ആളുകളെ ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.


