25
Jul 2024
Wed
25 Jul 2024 Wed
kerala given warning before land slide in Wayanad blames Amit Shah

ഉരുൾപൊട്ടലിന് മുമ്പ് കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ. ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് ജൂലൈ 23നാണ് കേന്ദ്രസർക്കാർ കേരളത്തിന് മുന്നറിയിപ്പ് നൽകിയതെന്നും അമിത് ഷാ ആരോപിച്ചു. കനത്ത മഴയെ തുടർന്ന് 9 ദേശീയ ദുരന്തനിവാരണ സേനാം​ഗങ്ങളെ കേരളത്തിലേക്ക് അയച്ചുവെന്നും അമിത് ഷാ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട്ടിലെ ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായി 172 പേർ മരിക്കുകയും ഇരുന്നൂറിലേറെ പേരെ കാണാതാവുകയും ചെയ്ത ദുരന്ത സാഹചര്യത്തിലാണ് അമിതാ ഷായുടെ കുറ്റപ്പെടുത്തൽ. കേരള സർക്കാർ ദുരന്തമുഖത്ത് നിന്ന് യഥാസമയം ജനങ്ങളെ ഒഴിപ്പിച്ചില്ലെന്നും അമിത് ഷാ ആരോപിച്ചു. പ്രകൃതി ദുരന്തങ്ങൾക്ക് ഏഴു ദിവസം മുമ്പ് വരെ മുന്നറിയിപ്പ് നൽകാൻ പര്യാപ്തതയുള്ള നാലു രാജ്യങ്ങളിൽ പെട്ടതാണ് ഇന്ത്യയെന്നും അമിത് ഷാ അവകാശപ്പെട്ടു.

ദേശീയ ദുരന്ത നിവാരണ സേനാം​ഗങ്ങളുടെ വരവോടെ ആളുകളെ ഒഴിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. വയനാട് ദുരന്തത്തെ നേരിടാൻ കേരളസർക്കാരിനൊപ്പം മോദി സർക്കാർ പാറ പോലെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ചൂരൽമല ഉരുൾപൊട്ടലിൽ മരണം 177 ആയി