കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് രണ്ട് ദിവസത്തിനിടെ രണ്ട് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂന്ന് മാസം പ്രായമുള്ള ആണ്‍കുട്ടിയാണ് ഇന്നു മരിച്ചത്.
|
ഒരു മാസത്തിലേറെയായി ഓമശ്ശേരി സ്വദേശിയായ കുട്ടി മെഡില്കോളജില് ചികിത്സയിലായിരുന്നു. പനിയുമായി മെഡിക്കല്‍കോളജിലെത്തിയ കുട്ടിയുടെ സ്രവം വിശദപരിശോധനക്ക് അയക്കുകയും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു.
കുട്ടിക്ക് എവിടെ നിന്ന് രോഗം വന്നുവെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ നിന്നാണ് രോഗം വന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ കുടുംബത്തിലെ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ല.
ALSO READ: എന്താണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
ഒന്നര മാസത്തോളമായി ചികില്‍സയിലായിരുന്ന വേങ്ങര സ്വദേശി റംല (52) ഇന്നലെ മരിച്ചിരുന്നു. ജൂലൈ എട്ടിനാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.ആഗസ്റ്റ് അഞ്ചിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ആഴ്ച ഇവരുടെ നില ഗുരുതരമാകുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് റംല മരിച്ചത്. സംസ്ഥാനത്ത് നിലവില്‍ പത്ത് പേര് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം
കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില് വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല.
മൂക്കിനേയും മസ്തിഷ്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
രോഗലക്ഷണങ്ങള്‍:
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം.
കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും രോഗലക്ഷണങ്ങളുടെ ഭാഗമാണ്. രോഗം ഗുരുതരമായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കാണാം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടന്ന വെള്ളത്തില്‍ കുളിച്ചവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം.
English Summary
Two deaths due to amoebic encephalitis in two days. A three-month-old boy who was undergoing treatment at Kozhikode Medical College died today.





