16
Aug 2025
Sat
16 Aug 2025 Sat
Amoebic Meningoencephalitis confirmed for deceased girls brother

കോഴിക്കോട്: താമരശ്ശേരിയിലെ നാലാംക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ്. കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ പനി ബാധിച്ച് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന് സമീപമുള്ള കുളത്തില്‍ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉള്‍പ്പെടെ ജല സാംപിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിക്കും. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

ബുധനാഴ്ച സ്‌കൂള്‍ വിട്ടുവന്നതിനുശേഷമാണ് നാലാം ക്ലാസുകാരി അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ALSO READ: കളിപ്പാട്ടം ആണെന്ന് കരുതി 9 മാസം പ്രായമുള്ള കുഞ്ഞ് വിഷപാമ്പിനെ കടിച്ചു; പാമ്പ് ചത്തു, കുഞ്ഞ് രക്ഷപ്പെട്ടു

അനയയുടെ മരണത്തെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം രം?ഗത്തെത്തിയിരുന്നു. ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയില്‍ കാണിച്ചുവെന്നും കുട്ടിയുടെ അച്ഛന്‍ സനൂപ് പറഞ്ഞു.

അതസമയം, പനി-ഛര്‍ദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ചികിത്സ അനയയ്ക്കും നല്‍കിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രക്തത്തില്‍ കൗണ്ട് ഉയര്‍ന്ന നിലയില്‍ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം

അമീബിക് മസ്തിഷ്‌കജ്വരം (Amoebic Meningoencephalitis) എന്നത് നെഗ്ലേറിയ ഫൗലെറി (Naegleria fowleri) എന്ന അമീബ തലച്ചോറിനെ ബാധിക്കുന്ന മാരകമായ രോഗമാണ്. ഇത് സാധാരണയായി കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ കാണപ്പെടുന്നു, മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിനെ ബാധിക്കുന്നു

രോഗലക്ഷണങ്ങള്‍: കടുത്ത പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് വേദന, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, അപസ്മാരം, ബോധക്ഷയം. 97 ശതമാനമാണ് മരണ നിരക്ക്

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

-കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക.
-കുളിക്കുമ്പോള്‍ മൂക്കും വായും മൂടുക.
-നീന്തല്‍ക്കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യുക.

ചികിത്സ: രോഗം നേരത്തെ കണ്ടുപിടിക്കുന്നത് ചികിത്സയില്‍ നിര്‍ണ്ണായകമാണ്, ചില പ്രത്യേക മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നല്‍കുന്നു, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.