|
ഡെറാഡൂണ്‍: റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞ ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ജീവനക്കാര്‍. രഹസ്യ വേശ്യാലയമായാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും ലഹരിയിടപാടിന്റെ കേന്ദ്രമായിരുന്നെന്നും അന്വേഷണ സംഘത്തോട് മുന്‍ ജീവനക്കാര്‍ വെളിപ്പെടുത്തി.
ദിവസങ്ങള്‍ക്ക് മുമ്പാണ് റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരി(19) കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി നേതാവിന്റെ മകനായ റിസോര്‍ട്ട് ഉടമ പുള്‍കിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. പുള്‍കിത് ആര്യയും മറ്റുള്ളവരും അങ്കിതയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നതായും ഇത് എതിര്‍ത്തതിനാലാണ് പ്രതികള്‍ യുവതിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ഇതിനുപിന്നാലെയാണ് റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടന്നിരുന്ന അനാശാസ്യത്തെക്കുറിച്ച് മുന്‍ജീവനക്കാരും വെളിപ്പെടുത്തിയത്.
ജീവനക്കാരെ പുള്‍കിത് മാനസികമായി പീഡിപ്പിച്ചിരുന്നു. റിസോര്‍ട്ടില്‍നിന്നു പുറത്തുപോകാന്‍ ശ്രമിക്കുന്നവരെ വ്യാജ മോഷണവും ആരോപണങ്ങളും ഉന്നയിച്ചു കുടുക്കും. വേശ്യാവൃത്തി, ലഹരിക്കച്ചവടം തുടങ്ങിയ അനധികൃത ഇടപാടുകള്‍ക്കു ഞങ്ങള്‍ സാക്ഷികളാണ്. ഇതൊന്നും സഹിക്കാനാകാതെ രണ്ടുമാസം മുന്‍പാണു ജോലി രാജിവച്ചത്- മുന്‍ ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു.
ചില ‘പ്രത്യേക അതിഥികളെ’ റിസോര്‍ട്ടിലേക്കു പുള്‍കിത് ആര്യ കൊണ്ടുവരാറുണ്ട്. മേല്‍വിലാസം വെളിപ്പെടുത്താതെ സ്ത്രീകളെയും എത്തിക്കും. റിസോര്‍ട്ടില്‍ ലൈംഗിക സേവനത്തിനായാണ് ഇവരെത്തുന്നത്. അതിഥികള്‍ക്കായി വിലയേറിയ മദ്യം, കഞ്ചാവ്, മറ്റു രാസലഹരികള്‍ എന്നിവ ഒരുക്കി നല്‍കാറുണ്ടെന്നും അവര്‍ മൊഴിനല്‍കി.
Ankita Bhandari murder case: Uttarakhand resort a den of prostitution & drug abuse, say ex-staffers



