28
Apr 2024
Thu
28 Apr 2024 Thu

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം. ഒരു ഭിക്ഷക്കാരൻ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെയായിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. ഇയാളുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോവാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്. പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ഇയാള്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ജെയ്സൺ തോമസ് എന്ന ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്. പ്ലാറ്റ്ഫോമിൽ കച്ചവടക്കാരനെ തള്ളിമാറ്റിയാണ് ഇയാൾ അകത്ത് കടന്നതെന്ന് ടിടിഇ ജെയ്സൺ തോമസ് പറഞ്ഞു.

ആദ്യം തന്നെ അടിക്കാൻ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയെന്നും പിന്നീട് മുഖത്ത് മാന്തുകയായിരുന്നുവെന്നും ജെയ്സൺ തോമസ് പറയുന്നു. ഗാർഡ് റൂമിൽ പോയി ഫസ്റ്റ് എയ്ഡ് എടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക്കറ്റ് ചോദിച്ചതിന് തൃശൂരില്‍ ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.