17
Mar 2024
Sun
17 Mar 2024 Sun
another man arrested over perambra anu murder

പേരാമ്പ്ര നൊച്ചാടില്‍ യുവതിയെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി കൊന്ന് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. നൊച്ചാട് വാളൂരില്‍ അനുവിനെ കൊലപ്പെടുത്തിയതിന് പിടിയിലായ മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന്‍(49) യുവതിയുടെ ദേഹത്തുനിന്ന് അപഹരിച്ച സ്വര്‍ണം വില്‍ക്കാന്‍ ഏല്‍പ്പിച്ച അബൂബക്കറാണ് കേസില്‍ പിടിയിലായ രണ്ടാമന്‍. അബൂബക്കര്‍ ആഭരണം വില്‍ക്കാന്‍ സമീപിച്ച ജ്വല്ലറിയിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. ഭര്‍ത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോവാനായാണ് തിങ്കളാഴ്ച രാവിലെ അനു മാതാപിതാക്കളുടെ അടുത്തുനിന്ന് പോയത്. യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു.(another man arrested over perambra anu murder)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുജീബ് റഹ്‌മാനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. അനു കൊല്ലപ്പെട്ട മേഖലയ്ക്കു സമീപത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും യുവതി അപരിചതനൊപ്പം ബൈക്കില്‍ പോവുന്നതു കണ്ടുവെന്ന ദൃക്‌സാക്ഷികളുടെ മൊഴികളുമാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയും ചെയ്തു.

മാര്‍ച്ച് 11ന് പുലര്‍ച്ചെ മട്ടന്നൂരിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മതില്‍ പൊളിച്ച് മോഷണം നടത്തി സമീപത്തെ വീട്ടില്‍ നിന്ന് ഹെല്‍മറ്റും മോഷ്ടിച്ചാണ് താന്‍ പേരാമ്പ്ര ഭാഗത്ത് എത്തിയതെന്ന് മുജീബ് പറഞ്ഞു. ആളൊഴിഞ്ഞ വഴികളില്‍ സ്ത്രീകളെ കണ്ടാല്‍ മാല മോഷ്ടിക്കുന്ന പതിവുള്ള ഇയാള്‍ വാളൂര്‍ റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് ബൈക്കു നിര്‍ത്തി നില്‍ക്കുന്ന സമയത്താണ് അനു ഫോണ്‍ ചെയ്ത് ധൃതിയില്‍ പോവുന്നത് ശ്രദ്ധയില്‍പെടുന്നത്. ഫോണ്‍ സംസാരത്തില്‍ നിന്നു യുവതിയെ മറ്റാരോ കാത്തു നില്‍ക്കുന്നതായി മുജീബ് കേട്ടു. തനിക്ക് വാഹനമൊന്നും കിട്ടിയില്ലെന്ന് യുവതി ഫോണില്‍ പറയുന്നതു കേട്ടതോടെ മുജീബ് ബൈക്കോടിച്ച് അനുവിന്റെ അരികിലെത്തുകയും മുളിയങ്ങീലേക്കാണെങ്കില്‍ കയറിക്കോ എന്നും പറഞ്ഞു.

മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്ന പ്രതി മുജീബ് റഹ്‌മാന്‍

മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്ന പ്രതി മുജീബ് റഹ്‌മാന്‍

അപരിചിതനായ പ്രതിയുടെ ബൈക്കില്‍ കയറാന്‍ അനു ആദ്യം മടിച്ചെങ്കിലും നിവൃത്തിയില്ലാതെ വാഹനത്തില്‍ കയറുകയായിരുന്നു.വാളൂര്‍ നടുക്കണ്ടി പാറയിലെ എഫ്എച്ച്സിക്കു സമീപത്തെ അള്ളിയോറതാഴ തോടിന് സമീപമെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്നറിയിച്ച് മുജീബ് വണ്ടി നിര്‍ത്തി ഇറങ്ങി. ബൈക്കില്‍ നിന്ന് യുവതിയും ഇറങ്ങിയതോടെ പ്രതി മാല പൊട്ടിക്കാന്‍ ശ്രമിച്ചു. അനു ഇത് എതിര്‍ത്തത്തോടെ യുവതിയെ തോട്ടിലേക്ക് തള്ളിയിട്ടശേഷം തല വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്ന പ്രതി ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. മാലയും മോതിരവും പാദസരവും ഊരിയെടുത്ത മുജീബ് അരഞ്ഞാണമുണ്ടോ എന്ന് പരിശോധിക്കുന്നതിനു വേണ്ടി ചുരിദാര്‍ അഴിച്ചുമാറ്റിയിരുന്നു. ഇതാണ് മൃതദേഹം അര്‍ധനഗ്‌നയായി കാണപ്പെടാന്‍ കാരണം. മാര്‍ച്ച് 12ന് പ്രദേശത്ത് പശുവിന് പുല്ലരിയാനെത്തിയവരാണ് മൃതദേഹം കാണുന്നത്.

പേരാമ്പ്ര ഡിവൈഎസ്പി കെ എം ബിജുവിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം എ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ബൈക്കിന്റെ ഉടമയെ തേടി മട്ടന്നൂരില്‍ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയെന്ന് വ്യക്തമാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 58 ഓളം കേസുകളിലെ പ്രതിയായ മുജീബിനെക്കുറിച്ച് വിവരം ലഭിച്ചു. മാരകായുധങ്ങളുമായി കറങ്ങുന്ന മുജീബിനെ കീഴടക്കാനുള്ള മല്‍പ്പിടുത്തത്തിനിടെ പേരാമ്പ്ര പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍ കുമാറിന് കുത്തേറ്റിരുന്നു. കൈക്കാണ് സുനിലിന് കുത്തേറ്റത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക