29
Jul 2023
Fri
29 Jul 2023 Fri

നമിതയെ ബൈക്കിടിച്ച് കൊന്ന കേസിലെ പ്രതി ആന്‍സണ്‍ റോയിയുടെ ലൈസന്‍സും ആര്‍.സിയും റദ്ദാക്കും; കാപ്പയും ചുമത്തും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: മൂവാറ്റുപുഴയില്‍ നമിത എന്ന വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആന്‍സണ്‍ റോയിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആന്‍സണ്‍ റോയിയുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങള്‍ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നുമുള്ള പ്രാഥമിക നിഗമനത്തിലാണ് നടപടി സ്വീകരിക്കുക. പരിക്കേറ്റ ആന്‍സണ്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയാല്‍ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.

കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിത ബൈക്കിടിച്ച് മരിച്ചത്. മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിര്‍മ്മല കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുകയായിരുന്ന നമിതയെയും സുഹൃത്തിനെയും ബൈക്ക് ഇടിക്കുകയായിരുന്നു.ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ റോയിക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

അതേസമയം, നമിതയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. അപകടത്തിന് മുന്‍പ് ഇയാളുടെ അമിതവേഗതയെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കാപ്പയും ഇയാള്‍ക്കെതിരെ ചുമത്തും.