കോഴിക്കോട്: പോലീസിലെ സംഘപരിവാര ലോബിയെയും അതിന് മൗന സമ്മതം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജനെയും തുറന്നുകാട്ടാന്‍ കിട്ടിയ അവസരം പാര്‍ട്ടി പ്രയോജനപ്പെടുത്താത്തതില്‍ മുസ്ലിം ലീഗ് അണികള്‍ക്ക് അമര്‍ഷം. (Anwar allegations not using politically; anger in the Muslim league ) സര്‍ക്കാറിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കാന്‍ പി.വി. അന്‍വര്‍ എം.എല്‍.എ തുറന്നുകൊടുത്ത സുവര്‍ണാവസരം മുസ്ലിം ലീഗ് എന്ത് കൊണ്ട് ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്.
|
അന്‍വര്‍ പൊട്ടിച്ച ബോംബ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലക്കുമ്പോഴും ലീഗ് കാര്യമായി ഒന്നും പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് വിഷയം ഏറ്റെടുത്ത് സര്‍ക്കാറിനും സി.പി.എമ്മിനുമെതിരെ തെരുവിലിറങ്ങിയിട്ടും ലീഗ് നേതൃത്വം അറച്ചുനില്‍ക്കുന്നതില്‍ പ്രവര്‍ത്തകരും നിരാശരാണ്.
മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിന്റെ നിലപാടുകള്‍ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സുജിത്ത് ദാസിനെതിരേ ആദ്യം ശക്തമായി രംഗത്തു വന്നത് എംഎസ്എഫ് നേതാവ് പി കെ നവാസ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുജിത്ത് ദാസിനെതിരേ ആഞ്ഞടിച്ചത്. മലപ്പുറം ജില്ലയിലെ പോലീസ് മേധാവിയായ സുജിത്ത് ദാസ് ചുമതലയേറ്റതിന് ശേഷം കേസുകളുടെ എണ്ണത്തില്‍ 100% ത്തില്‍ അധികം വര്‍ധനവുണ്ടായത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പി കെ നവാസ് അന്ന് ആരോപിച്ചിരുന്നു. ജില്ലയിലെ കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസ് എടുപ്പിക്കുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണമെന്നും പികെ നവാസ് ആവശ്യപ്പെട്ടു.
2017 മുതല്‍ 2020 വരെ 36,000 ത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയില്‍ ഇദ്ദേഹം ചാര്‍ജ്ജെടുത്ത് ഒന്നര വര്‍ഷം കഴിയുമ്പോള്‍ 56,000ത്തോളം കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലപ്പുറം ജില്ലയുടെ പൈതൃകത്തെയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളെയും ഇകഴ്ത്തി കാണിക്കാന്‍ മുന്‍ എബിവിപി പ്രവര്‍ത്തകനായ ജില്ലാ പോലീസ് മേധാവിയുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണ്.
എംഎസ്എഫ് സമരങ്ങള്‍ നടക്കുമ്പോള്‍ മറ്റു ജില്ലകളിലൊന്നും ഇല്ലാത്ത രീതിയില്‍ അസാധാരണമായി കേസുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ ജില്ലയിലെ സ്റ്റേഷനുകള്‍ക്ക് ഇദ്ദേഹം നിര്‍ദ്ദേശം നല്‍കുന്നു. ചെറിയ പെറ്റി കേസുകളില്‍ പോലും എംഎസ്എഫ് പ്രവര്‍ത്തകരുടെ വീട്ടില്‍ പോയി ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസുകാര്‍ ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ ആരോപണങ്ങളും നവാസ് ഉന്നയിച്ചിരുന്നു.
അതേ സുജിത്ത് ദാസിനെതിരെ സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെ കടുത്ത ആരോപണങ്ങളാണ് ഇപ്പോള്‍ പി.വി. അന്‍വര്‍ തൊടുത്തുവിട്ടത്. വയനാട് ദുരന്ത സമയത്ത് മുസ്‌ലിം ലീഗിന്റെ ഭക്ഷണ വിതരണം തടഞ്ഞതും സംഘ്പരിവാര്‍ ബന്ധവും ഉള്‍പ്പെടെ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ തെളിവുകള്‍ സഹിതം ഉയര്‍ന്ന ആരോപണങ്ങളിലും ലീഗ് പ്രത്യക്ഷ സമരത്തിന് ഇറങ്ങാത്തതെന്ത് എന്നാണ് അണികളെ അതിശയിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങളില്‍ നേതൃത്വം മൗനികളാകുന്നു എന്ന ആക്ഷേപവും ശക്തമാണ്.


